അവരെന്നെ പറ്റിച്ചു, എങ്ങനെയെങ്കിലും നാട്ടില്‍ എത്തണം, കരഞ്ഞ് അപേക്ഷിച്ച് പ്രവാസി മലയാളി

ദുബായ്: തന്റെ ആയുഷ്‌കാലം മുഴുവന്‍ പ്രവാസ ലോകത്ത് കഷ്ടപ്പെട്ട കൊല്ലം വലിയകൂനമ്പായിക്കുളം ക്ഷേത്രത്തിനടുത്തെ ആയത്തില്‍ സ്വദേശി ശശിധരന് തന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നവരോടെല്ലാം ഒരേയൊരു അപേക്ഷ മാത്രമേയുള്ളൂ. എങ്ങനെയെങ്കിലും ഒന്നു നാട്ടിലെത്താന്‍ സഹായിക്കണമെന്ന്. ‘അവരെന്നെ പറഞ്ഞു പറ്റിക്കുകയാ സാറേ, നാട്ടീപ്പോയി വന്നിട്ട് നാലര വര്‍ഷമായി. എങ്ങനെയെങ്കിലും എന്നെയൊന്ന് നാട്ടിലെത്തിക്കണം സാറേ…’- ‘നാട്ടില്‍ ഏകയായി കഴിയുന്ന രോഗിയായ ഭാര്യ എന്നേക്കാളും ദുരിതത്തിലാണ്. എത്രയും പെട്ടെന്ന് എനിക്ക് നാട്ടിലേക്ക് പോകാനുള്ള വഴിയൊരുക്കിത്തരാമോ’?- എന്നാണ് ശശിധരന് പറയാനുള്ളത്.

69കാരനായി ശശിധരന്‍ വര്‍ഷങ്ങളോളം ജോലി ചിയ്ത സ്വകാര്യ കമ്പനിയുടെ അധികൃതരുടെ അവഗണന കാരണം ദുരിതത്തിലായിരിക്കുകയാണ്. ദുബായ് അബു ഹായിലിലെ കുടുസ്സുമുറിയില്‍ ഒരു കണ്ണിന്റെ മങ്ങിയ വെളിച്ചത്തില്‍ ജീവിതം തള്ളി നീക്കുകയാണ് അദ്ദേഹം പ്രമേഹ രോഗിയായ ശശിധരന് രണ്ട് നേരം ഇന്‍സുലിന്‍ കുത്തി വയ്ക്കണം.

15 വര്‍ഷം ബഹ്‌റൈനില്‍ ജോലി ചെയ്ത ശേഷം 2000ലാണ് ശശിധരന്‍ യുഎഇയില്‍ എത്തിയത്. ആറ് വര്‍ഷം ദുബായിലെ മറ്റൊരു കമ്പനിയിലായിരുന്നു ജോലി ചെയ്തത്. ഈ കമ്പനിയിലെ സെയില്‍സ്മാനായിരുന്ന കൊല്ലം ഓച്ചിറ സ്വദേശി ഖിസൈസ് എന്‍എംസിക്കടുത്ത് ഓട്ടോമാറ്റിക് ബാരിയര്‍ കമ്പനി ആരംഭിച്ചപ്പോള്‍ അയാളുടെ നിര്‍ബന്ധം കാരണം അവിടേയ്ക്ക് മാറി. ഈ കമ്പനിയിലെ ഡ്രൈവറും ടെക്‌നീഷ്യനുമായിരുന്നു ശശിധരന്‍. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവന്ന കമ്പനി ഉയരങ്ങളിലേക്ക് കുതിച്ചു. പ്രതിമാസ ശമ്പളം 1800 ദിര്‍ഹത്തില്‍ തുടങ്ങി 3,100 ദിര്‍ഹത്തോളമെത്തി.

ഇത്രയും കാലം ബഹ്‌റൈനിലും യുഎഇയിലുമായി കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം മകന്റെയും മകളുടെയും വിദ്യാഭ്യാസത്തിനും വീട് നിര്‍മിക്കാനും മകളുടെ വിവാഹത്തിനും ചെലവഴിച്ചു.എങ്കിലും ഭാര്യയ്ക്ക് ചെലവിന് അയച്ചുകൊടുത്ത് സന്തുഷ്ട ജീവിതം നയിച്ചുവരുന്നതിനിടെയാണ് എല്ലാം തകിടം മറിഞ്ഞത്. കഴിഞ്ഞ നാലു വര്‍ഷത്തോളമായി കമ്പനിയുടെ പ്രവര്‍ത്തനം താളംതെറ്റി. 2019 മുതല്‍ ശമ്പളം മുടങ്ങുകയും ചെയ്തു. ഇതോടെ ആകെയുണ്ടായിരുന്ന 22 ജീവനക്കാരില്‍ മിക്കവരും നാട്ടിലേക്ക് മടങ്ങി. ശശിധരനും ഒരു ബംഗ്ലാദേശി ജീവനക്കാരനും മാത്രമേ ഇപ്പോള്‍ ഉള്ളൂ.

കമ്പനിയുടെ ഓഫീസ് ഖിസൈസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ ചില മലയാളികള്‍ ജോലി ചെയ്യുന്നുമുണ്ട്. ശശിധരന്റെ പാസ്‌പോര്‍ട്ട് അവിടെയാണ് സൂക്ഷിച്ചിട്ടുള്ളത്. രണ്ടര വര്‍ഷത്തോളമായി ശശിധരന്‍ ജോലിയോ ശമ്പളമോ ഇല്ലാതെയാണ് കഴിയുന്നത്. ഇപ്പോള്‍ 17,000 ത്തോളം ദിര്‍ഹമാണ് വേതനയിനത്തില്‍ ശശിധരന് ലഭിക്കാനുള്ളത്.