ഹജ്ജിന് ഇന്ത്യയില്‍ നിന്ന് എത്തിയ ദമ്പതികളെ സൗദി അറേബ്യ മടക്കി

റിയാദ് . മക്കയില്‍ പരിശുദ്ധ ഹജ്ജ് കര്‍മം നടക്കാനിരിക്കെ, സൗദി അറേബ്യ ഹാജിമാരെ സ്വീകരിക്കാന്‍ വലിയ ഒരുക്കങ്ങൾ നടത്തി വരുന്നതിനിടെ റിയാദിൽ അപൂർവ സംഭവം അരങ്ങേറി. 20 ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹജ്ജിന് നിരവധി ഇന്ത്യക്കാരും എത്തിക്കൊണ്ടിരിക്കുന്നതിനിടെ ഹജ്ജിന് ഇന്ത്യയില്‍ നിന്ന് എത്തിയ രണ്ടു പേരെ സൗദി അറേബ്യ മടക്കി അയച്ചു.

തെലങ്കാനയില്‍ നിന്ന് ഹജ്ജിന് എത്തിയവർക്കാണ് ഈ ദുരനുഭവം. ഒരു സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയുമാണ് സൗദി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ മടക്കിയിരിക്കുന്നത്. രണ്ടു പേരും തെലങ്കാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് എത്തിയവരാണ്.

ഫരീദ ബീഗം ഭർത്താവ് മുഹമ്മദ് അബ്ദുൽ ഖാദിർ, എന്നിവരെയാണ് സൗദി മടക്കി അയച്ചത്. ഇരവരും ഹജ്ജ് സംഘത്തോടൊപ്പം ജിദ്ദ വിമാനത്താവളത്തിലെ ത്തിയിരുന്നു. തെലങ്കാനയിലെ മെഹ്ബൂബ് നഗർ ജില്ലക്കാരാണ് ദമ്പതികൾ. വിസ്താര എയർലൈൻ വിമാനത്തിലാണ് തെലങ്കാനയിൽ നിന്നുള്ള സംഘം ജിദ്ദയിലെത്തുന്നത്. ഫരീദയുമായി ബന്ധപ്പെട്ട പഴയ സംഭവമാണ് മടക്കി അയക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.

ഫരീദയുടെ പാസ്‌പോര്‍ട്ട് അധികൃതര്‍ പരിശോക്കുമ്പോൾ അവർ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്ന് ബോധ്യമായി. കരിമ്പട്ടിയിലുള്ള വ്യക്തിയെ സൗദിയില്‍ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭര്‍ത്താവിനെയും ഫരീദയെയും മടക്കി അയക്കാന്‍ തീരുമാനിക്കുന്നത്. രണ്ടുപേരുടെയും നമ്പര്‍ ഒരു കവറിലായിരുന്നു. വിസ്താരയുടെ വിമാനത്തില്‍ തന്നെ മടക്കി അയക്കാന്‍ സൗദി അധികൃതര്‍ നിര്‍ദേശം നൽകുകയായിരുന്നു.

തുടര്‍ന്ന് ഇവർ മുംബൈ വഴി ഹൈദരാബാദിലേക്ക് മടങ്ങി. തെലങ്കാന ഹജ്ജ് കമ്മിറ്റിയെ ഇക്കാര്യം വിസ്താര അധികൃതര്‍ അറിയിച്ചു. ഫരീദ ബീഗം നേരത്തെ സൗദിയില്‍ ജോലി ചെയ്തിരുന്നു. അക്കാലത്തുണ്ടായ ഒരു സംഭവത്തിന്റെ പേരില്‍ ഫരീദയെ നാടുകടത്തുകയായിരുന്നു. തുടര്‍ന്നാണ് പാസ്‌പോര്‍ട്ട് കരിമ്പട്ടികയില്‍ പ്പെടുത്തുന്നത്. ജിദ്ദയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍, കോണ്‍സുലേറ്റ് എന്നിവയുമായി തെലുങ്കാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ സംസാരിച്ചു നോക്കിയിരുന്നു. അപ്പോഴാണ് പഴയ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നടപടിക്ക് കാരണം എന്നറിയുന്നത്. ഹജ്ജിന് സൗദിയിലെത്തിയവരെ മടക്കി അയക്കുക അപൂര്‍വമായ സംഭവമാണ്. തെലങ്കാനയില്‍ നിന്നുള്ള ഹാജിമാര്‍ക്ക് ആദ്യ അനുഭവമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മക്കയില്‍ നാല് ദിവസത്തോളം നീളുന്ന വിവിധ ചടങ്ങുകളാണ് ഹജ്ജിന്റെ ഭാഗമായുള്ളത്. ജൂണ്‍ അവസാന വാരമാണ് ഹജ്ജ് കര്‍മങ്ങള്‍ നടക്കുക. ഇസ്ലാം മത വിശ്വാസത്തിന്റെ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളില്‍ ഒന്നാണ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നിര്‍വഹിക്കാന്‍ കഴിയുന്ന ഹജ്ജ്. ആരോഗ്യവും സാമ്പത്തികവുമായ ശേഷിയുള്ളവര്‍ ഹജ്ജ് നിര്‍വഹിക്കണമെന്നാണ് ഇസ്ലാം നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.