ഞങ്ങളുടെ ജീവൻ രക്ഷിക്കൂ, ഞങ്ങൾ പട്ടിണി മൂലം മരിക്കുകയാണ്, നരേന്ദ്രമോദിയോട് സഹായം അഭ്യർത്ഥിച്ച് പാക് അധിനിവേശ കശ്മീരികൾ

മുസാഫറാബാദ്. അഴിമതി, തെറ്റായ നയങ്ങൾ എന്നിവ കൊണ്ട് ജനജീവിതം ദുസ്സഹമാക്കിയ പാക് സർക്കാരിന്റെ നടപടിയെ നിശിതമായി വിമർശിച്ച് പാക് അധിനിവേശ കശ്മീരികൽ. കാലങ്ങളായി പാകിസ്താൻ വിരുദ്ധ പ്രതിഷേധം അലയടിക്കുകയാണ്. പാക് അധീനിവേശ കശ്മീരിലെ ജനങ്ങൾ തെരുവിലിറങ്ങി. 1947-ൽ പാകിസ്താൻ നിയമവിരുദ്ധമായി കൈയ്യേറിയ പ്രദേശമാണ് പാക് അധിനിവേശ കശ്മീർ. അന്നുമുതൽ അവിടത്തെ ജനങ്ങൾ തങ്ങളുടെ സ്വാതന്ത്ര്യം വീണ്ടെടുക്കാൻ അന്താരാഷ്‌ട്ര ഇടപെടൽ ആവശ്യപ്പെടുകയാണ്.

പിഒകെയിലെ ആക്റ്റിവിസ്റ്റായ ഷബീർ ചൗധരി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്. ഉയർന്ന പണപ്പെരുപ്പം, ലോഡ് ഷെഡ്ഡിംഗ്, ഭക്ഷ്യ ദൗർലഭ്യം തുടങ്ങിയ പ്രതിസന്ധിക്കിടയിൽ യുക്തിരഹിതമായാണ് പാക് സർക്കാർ നികുതി ചുമത്തുന്നത്. പാകിസ്താനിൽ നിന്ന് അവരെ മോചിപ്പിക്കാൻ പിഒകെയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം തേടുകയാമെന്ന് ഷബീർ ചൗധരി തുറന്ന് സമ്മതിക്കുന്നു.

പാകിസ്താന്റെ നിയമവിരുദ്ധമായ അധിനിവേശത്തിൽ നിന്നും തങ്ങളെ മോചിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയാണ്. ഞങ്ങളുടെ ജീവൻ രക്ഷിക്കൂ, ഞങ്ങൾ പട്ടിണി മൂലം മരിക്കുകയാണ്, ദയവായി ഈ നരകത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തിയാണ് തെരുവിലിറങ്ങുന്നത് അദ്ദേഹം സമൂഹ മാദ്ധ്യമത്തിൽ പറഞ്ഞു.

പ്രദേശം പരമാവധി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും ഉയർന്ന വൈദ്യുതി ബില്ലുകൾ അടയ്‌ക്കാൻ പിഒകെയിലെ ജനങ്ങൾ
നിർബന്ധിതരാണെന്ന് അദ്ദേഹം പറഞ്ഞു . പണമില്ലാത്ത പാകിസ്താനിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ വൈദ്യുതിയുടെ വില ഇരട്ടിയായി വർദ്ധിച്ചു. പിഒകെയിൽ, ഗോതമ്പ് മാവിനും മറ്റ് അവശ്യവസ്തുക്കൾക്കും കനത്ത നികുതി ചുമത്തുന്നത് മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പാകിസ്താന്റെ ദുർഭരണത്തിൽ കൊടിയ ദുരിതമനുഭവിക്കുകയാണ് പാക് അധീനിവേശ കശ്മീരിലെ ജനങ്ങൾ.

സ്വാതന്ത്ര്യത്തിനായുള്ള അന്വേഷണത്തിൽ പ്രതീക്ഷയുടെ വെളിച്ചമായി നിലകൊള്ളുന്നത് ഭാരതമാണ്. അതിനാലാണ് പ്രധാനമന്ത്രിയുടെ സഹായം അഭ്യർത്ഥിക്കുന്നതെന്ന് ഷബിർ പറഞ്ഞു. പാക് സർക്കാർ പിഒകെയിലെയും ഗിൽജിത് ബാൾട്ടിസ്ഥാനിലെയും നിവാസികളെ രണ്ടാംതരം പൗരന്മാരായാണ് കണക്കാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.