ചുംബന രംഗത്തെ കുറിച്ച് ചോദ്യം, സായ് പല്ലവിയുടെ മറുപടി

മലയാളികളുടെ പ്രിയ നടിയാണ് സായ് പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച താരം ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സജീവമായിരിക്കുകയാണ്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. ചുംബന രംഗങ്ങളില്‍ അഭിനയിക്കാനും ഗ്ലാമര്‍ പ്രകടനങ്ങള്‍ നടത്താനും തനിക്ക് താത്പര്യമില്ലെന്ന് നടി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. നേരത്തെ ഫെയര്‍നസ് ക്രീമിന്റെ പരസ്യവും സായ് പല്ലവി നിരസിച്ചിരുന്നു. കോടികള്‍ വാഗ്ദാനം ചെയ്തപ്പോഴും താരം ആ അവസരം നിഷേധിക്കുകയായിരുന്നു.

തന്റെ പുതിയ തെലുങ്ക് ചിത്രമായ ശ്യാം സിന്‍ഹ റെഡ്ഡിയുടെ പ്രമോഷണല്‍ പരിപാടിയില്‍ നാനിക്കൊപ്പം സായ് പല്ലവിയും പങ്കെടുത്തിരുന്നു. ചിത്രത്തിലെ ചുംബന രംഗത്തെ കുറിച്ച് ഒരാള്‍ ചോദിക്കുകയും അതിന് സായ് പല്ലവി നല്‍കിയ മറുപടിയുമാണ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. സായ് പല്ലവിക്കൊപ്പമാണോ അതോ കൃതിക്കൊപ്പമാണോ റൊമാന്റിക് രംഗങ്ങള്‍ ചെയ്യാന്‍ കംഫര്‍ട്ടബിളാരാണെന്നായിരുന്നു ചോദിച്ചത്. ഇത്തരത്തിലൊരു ചോദ്യം അനാവശ്യമാണെന്നായിരുന്നു സായ് പല്ലവി ഉടന്‍ തന്നെ പ്രതികരിച്ചത്. കഥയുടെ ആവശ്യത്തിനായി കഥാപാത്രങ്ങളാണ് ആ രംഗം ചെയ്തത്. ഇവിടെ കഥാപാത്രങ്ങളായല്ല വ്യക്തികളായാണ് ഞങ്ങള്‍ എത്തിയിട്ടുള്ളത്. അതേക്കുറിച്ച് ചോദിച്ചാല്‍ ഞങ്ങള്‍ അസ്വസ്ഥരാവുമെന്നുമായിരുന്നു സായ് പല്ലവി പറഞ്ഞത്.

സിനിമയിലെ ചുംബനരംഗത്തെക്കുറിച്ച് വീണ്ടും ചോദിച്ചപ്പോള്‍ ഈ ചോദ്യമേ ശരിയല്ലെന്നും ഇത് തന്നെ തുടര്‍ന്നും ചോദിക്കുന്നത് എന്തിനാണെന്നുമായിരുന്നു സായ് പല്ലവി തിരിച്ച് ചോദിച്ചത്. പിന്നീടായാണ് നാനി ചോദ്യത്തിന് മറുപടി നല്‍കിയത്. അഭിനേതാക്കളെന്ന നിലയില്‍ ചെയ്യുന്ന ജോലി മികച്ചതാക്കാനാണ് ശ്രമിക്കാറുള്ളത്. കഥാപാത്രമായി മാറിക്കഴിഞ്ഞാല്‍ മറ്റൊരു കാര്യത്തെക്കുറിച്ചും പിന്നീട് ചിന്തിക്കാറില്ല. സായ് പല്ലവിയുടെ മറുപടി ക്ഷണനേരം കൊണ്ടാണ് ചര്‍ച്ചയായി മാറിയത്.