അഞ്ചാം ക്ലാസ്സുകാരന്റെ തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ച് അദ്ധ്യാപിക; ചോദ്യംചെയ്ത അമ്മയെ അടിച്ചോടിച്ചു

ഹൈദരാബാദ്: അധ്യാപികയുടെ ആക്രമണത്തിൽ അഞ്ചാം ക്ലാസ്സുകാരന്റെ തലയ്‌ക്ക് പരിക്ക്. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. അദ്ധ്യാപിക ഡസ്റ്റർ എറിഞ്ഞാണ് വിദ്യാർത്ഥിയെ പരിക്കേൽപ്പിച്ചത്. പരിക്കേറ്റ അഞ്ചാം ക്ലാസ്സുകാരനായ ജയന്തിൻ ആശുപത്രിയിൽ ചികിത്സതേടി. ഹോം വർക്ക് ചെയ്ത നോട്ട് ബുക്ക് സ്‌കൂളിൽ കൊണ്ടുവരാൻ മറന്നതിനാണ് പത്തുവയസുകാരന്റെ തലയ്‌ക്കടിച്ചത്.

തുടർന്ന് രോഷം പൂണ്ട അദ്ധ്യാപിക ഡസ്റ്ററെടുത്ത് തലയ്‌ക്കടിക്കുകയായിരുന്നു. ഇതോടെ കുട്ടി ബോധരഹിതനായി. പിന്നീട് ബോധം വന്നെങ്കിലും പരസ്പര വിരുദ്ധമായാണ് കുട്ടി കാര്യങ്ങൾ പറഞ്ഞിരുന്നതെന്ന് സഹപാഠികൾ പറഞ്ഞു. സ്‌കൂൾ വിട്ട് വീട്ടിലെത്തി കുട്ടി മാതാപിതാക്കളോട് കാര്യങ്ങൾ പറയുകയായിരുന്നു.

രക്തം വാർന്ന് കിടന്നിട്ടും ബോധരഹിതനായിരുന്നിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ സ്‌കൂൾ അധികൃതർ തയ്യാറായില്ല. അമ്മ വിവരം തിരക്കാൻ സ്‌കൂളിലെത്തിയെങ്കിലും അദ്ധ്യാപകർ മാതാവ് കിരൺമയിയെയും അടിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് അമ്മയും ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തെ തുടർന്ന് എബിവിപി നഗരസഭ സെക്രട്ടറി സായ് വിഷ്ണുവിന്റെ നേതൃത്വത്തിൽ മാനേജ്‌മെന്റിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രതിഷേധ പ്രകടനം നടത്തുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തു. ഭാര്യ അബോധവസ്ഥയിലാണെന്നും ആശുപത്രി വിടുന്ന പക്ഷം പോലീസിൽ പരാതി നൽകുമെന്നും ഭർത്താവ് ചന്ദൻ അറിയിച്ചു.