സ്കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു, 25-ഓളം വിദ്യാർഥികൾക്ക് പരിക്ക്, സംഭവം മലപ്പുറത്ത്

മലപ്പുറം : മലപ്പുറത്ത് സ്കൂൾ ബസ് അപകടത്തിൽപെട്ട് 25-ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. മരവട്ടം ഗ്രേസ് വാലി പബ്ലിക് സ്കൂളിന്റെ ബസാണ് പാങ്ങ് കടുങ്ങാമുടിയിൽവെച്ച് അപകടത്തിൽപെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടായിരുന്നു അപകടം. നിയന്ത്രണംനഷ്ടപ്പെട്ട ബസ് മരത്തിലിടിച്ച് മറിയുകയായിരുന്നു. 42 കുട്ടികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

അതേസമയം പാലക്കാട് ഇരുചക്ര വാഹനം ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. പാലക്കാട് എസ്എസ്ബിയിലെ പോലീസ് ഉദ്യോഗസ്ഥൻ എഎസ്‌ഐ പ്രകാശനാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്.

ശ്രീകൃഷ്ണപുരം കറുകപുത്തൂർ സ്വദേശിയാണ് പ്രകാശൻ. ജോലിക്ക് പോകുന്നതിനിടെ കൊപ്പം ജംഗ്ഷനിൽ വച്ച് പ്രകാശൻ സഞ്ചരിച്ച ഇരുചക്ര വാഹനം ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.