എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

മുതുകുളം: സ്‌കൂൾ വിദ്യാർത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞൂര്‍ കോട്ടയ്ക്കകം സ്നേഹതീരത്തു വീട്ടില്‍ പരേതനായ മുത്തേഷിന്റെ മകള്‍ അമൂല്യ എന്ന പതിനാലുകാരിയാണ് മരിച്ചത്. നങ്ങ്യാര്‍കുളങ്ങര ബി.ബി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അമൂല്യ.

പെൺകുട്ടിയുടെ അമ്മ ലൗസി വിദേശത്തായതിനാല്‍ അമ്മൂമ്മ ശാന്തയോടൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. രാവിലെ ഉറക്കമുണര്‍ന്നശേഷം കുട്ടിയെ കാണാഞ്ഞതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണു മുകളിലത്തെ കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്നതു കണ്ടത്. സംഭവം കണ്ട ഉടൻ തന്നെ കഴുത്തിലെ കെട്ടഴിച്ച് നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ ജീവൻ രക്ഷിക്കാനായില്ല. വീട്ടുകാര്‍ പഠനവുമായി ബന്ധപ്പെട്ട കാര്യത്തിന് പെൺകുട്ടിയെ ശകാരിച്ചിരുന്നു. ഇതാകാം ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കരീലക്കുളങ്ങര പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി. സഹോദരന്‍: അമല്‍. സംസ്‌കാരം ബുധനാഴ്ച 11-നു വീട്ടുവളപ്പില്‍ നടക്കും.