തലസ്ഥാനത്ത് എട്ടാം ക്ലാസുകാരി കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ ചുരുളഴിയുന്നു, പലതവണ പീഡനത്തിനിരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: എട്ടാം ക്ലാസുകാരി വീട്ടില്‍ ദുരൂഹനിലയില്‍ കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ ചുരുളഴിയുന്നു. പെൺകുട്ടി പലതവണ ലൈംഗിക, പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം വീഴ്ചയിൽ ലയോട്ടിയിലുണ്ടായ രക്തസ്രാവമാണ് മരണത്തിന് ഇടയാക്കിയത്.

മൂന്നാഴ്ച മുൻപാണ് പെൺകുട്ടി മരിച്ചത്. നഗരത്തിലെ സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയും സിവില്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകളുമാണ്. മാര്‍ച്ച് 30-ന് സ്‌കൂളില്‍നിന്നു പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ പെണ്‍കുട്ടിയെ ശൗചാലയത്തില്‍ കുഴഞ്ഞുവീണനിലയില്‍ കണ്ടെത്തുകയായിരുന്നു
വീഴ്ചയിൽ തലയ്ക്ക് കാര്യമായ പരിക്കേറ്റിരുന്നു.

തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ ഒന്നിന് മരിച്ചു. പോസ്റ്മോർട്ടത്തിൽ പെണ്‍കുട്ടി മുമ്പ് പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനടക്കം ഇരയായിരുന്നതായി തെളിഞ്ഞു. പീഡനത്തെത്തുടര്‍ന്നുള്ള ആഴത്തിലുള്ള മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നു.സംഭവത്തിൽ
മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി.

ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ലൈംഗികപീഡന വകുപ്പുകള്‍കൂടി ചേര്‍ത്തു. പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കേടായിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ല. അന്വേഷണസംഘം ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്.