കത്രിക വയറ്ററിൽ കുടുങ്ങിയ സംഭവം, 3 പ്രതികൾക്ക് ജാമ്യം

കോഴിക്കോട് : പ്രസവശസ്ത്രക്രിയ്ക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ മൂന്ന് പ്രതികൾക്ക് ജാമ്യം. കുന്നമം​ഗലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഒന്നാംപ്രതി തളിപ്പറമ്പ് സൗപർണികയിലെ ഡോ. സി.കെ. രമേശൻ (42), മൂന്നും നാലും പ്രതികളും മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരുമായ പെരുമണ്ണ പാലത്തുംകുഴി എം.രഹന (33), ദേവഗിരി കളപ്പുരയിൽ കെ.ജി. മഞ്ജു (43) എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്.

രണ്ടാം പ്രതി ഡോ. ഷഹന കോടതിയിൽ ഹാജരായില്ല. രണ്ടാംപ്രതി എവിടെയെന്ന് ചോദിച്ച കോടതി, ഡോ. ഷഹനയ്ക്ക് സമൻസ് അയക്കാനും നിർദേശിച്ചു. ജൂലൈ 20-ന് കേസ് വീണ്ടും പരിഗണിക്കും. അതേസമയം പരാതിക്കാരിയായ ഹർഷിന ഇപ്പോഴും നീതിക്കായുള്ള പോരാട്ടത്തിലാണ്. 2017 നവംബർ 30-നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹർഷിന പ്രസവ ശസ്ത്രക്രിയയ്‌ക്ക് വിധേയമായത്.

ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റിൽ കുടുങ്ങിയെന്നാണ് ഹർഷിനയുടെ പരാതി. അതിനുശേഷം നിരവധി തവണ പരാതി സമർപ്പിക്കുകയും സമരങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നാല് പേരെ പ്രതികളാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.