പ്രവീണ്‍ നെട്ടാരുവിന്റെ കൊലക്ക് പിന്നില്‍ എസ്ഡിപിഐ, പിഎഫ്‌ഐ സംഘടനകള്‍

ബെംഗളൂരു. ദക്ഷിണ കന്നഡ ജില്ലയിലെ ബിജെപി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ, പിഎഫ്‌ഐ സംഘടനകള്‍ എന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. കേരളം എസ്ഡിപിഐ, പിഎഫ്‌ഐ സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്, കര്‍ണാടകയില്‍ പ്രതിപക്ഷമായ കോൺഗ്രസും അവരെ തുണക്കുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയായിരിക്കെ, സിദ്ധരാമയ്യ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചു, അങ്ങനെ അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു. പ്രഹ്ലാദ് ജോഷി പറഞ്ഞു.

കൊലപാതകം നടത്തിയവര്‍ക്കെതിരെ തങ്ങളുടെ സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും കുറ്റവാളികള്‍ക്കെതിരെ കേസെടുക്കുമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. ദക്ഷിണ കന്നഡയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാരു കൊല്ലപ്പെട്ട സംഭവം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണുകയും ഇക്കാര്യം ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയുമായി ചര്‍ച്ച ചെയ്യുകയും ചെയ്തതായി ദക്ഷിണ കന്നഡ ജില്ലാ ഇന്‍ചാര്‍ജ് മന്ത്രി വി.സുനില്‍ കുമാര്‍ പറഞ്ഞു.

ബിജെപിയുടെ യുവനേതാവായ പ്രവീണ്‍ നെട്ടാരുവിന്റെ നേരെ നടന്ന ആക്രമണവും കൊലപാതകവും അപലപനീയമാണ്. ഇത് കണ്ടിട്ട് സര്‍ക്കാരിന് മിണ്ടാതിരിക്കാൻ കഴിയില്ലെന്നും പോലീസ് സൂപ്രണ്ടില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് സംഭവം ആഭ്യന്തര മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. പ്രതികളെ എത്രയും വേഗം പിടികൂടാന്‍ ഒരു സംഘം രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ദക്ഷിണ കന്നഡ ജില്ലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന അക്രമികളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. പ്രവീണ്‍ വധത്തില്‍ ആരും പ്രകോപിതരാകേണ്ടതില്ല. ദക്ഷിണ കന്നഡ ജില്ലയിലെ ജനങ്ങള്‍ സമാധാന പ്രേമികളാണെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.