കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകളിലും ഇനി മുതല്‍ സീറ്റ് റിസര്‍വേഷന്‍

കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകളിലും ഇനി മുതല്‍ സീറ്റ് റിസര്‍വേഷന്‍ നടത്താം. ഓര്‍ഡിനറി സര്‍വീസുകളില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്‍മാര്‍, വനിതകള്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായാണ് റിസര്‍വേഷന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ സ്ഥിരം യാത്രക്കാരെ ഉദ്ദേശിച്ചിട്ടുള്ളതാണ് പദ്ധതി. സ്ഥിരം യാത്രക്കാരെ കെഎസ്ആര്‍ടിസി സര്‍വീസുകളിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പദ്ധതിയെന്ന് സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞു.

സീറ്റ് റിസര്‍വ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ കണ്ടക്ടറുടെ കയ്യില്‍ നിന്ന് പണം കൊടുത്ത് കൂപ്പണ്‍ വാങ്ങണം. രാവിലെയുള്ള ട്രിപ്പില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് വൈകുന്നേരത്തെ ട്രിപ്പില്‍ തിരികെ വരുമ്പോള്‍ സീറ്റ് ലഭിക്കാറില്ലെന്ന പരാതി വ്യാപകമായതോടെയാണ് കെഎസ്ആര്‍ടിസിയുടെ നടപടി. സീറ്റുകള്‍ ഉറപ്പാക്കുന്നതിന് വേണ്ടി രാവിലെ തന്നെ കണ്ടക്ടര്‍മാരില്‍ നിന്ന് കൂപ്പണുകള്‍ വാങ്ങി റിസര്‍വ് ചെയ്യാം. അഞ്ച് രൂപയാണ് കൂപ്പണ്‍ വില.

റിസര്‍വേഷന്‍ കൂപ്പണുള്ള യാത്രക്കാര്‍ക്ക് ബസില്‍ കയറുന്നതിനുള്ള മുന്‍ഗണന കണ്ടക്ടര്‍മാര്‍ ഉറപ്പാക്കും. ഒരു ദിവസം ഒരു ബസില്‍ 30ല്‍ കൂടുതല്‍ കൂപ്പണുകള്‍ നല്‍കില്ല. ശേഷിക്കുന്ന സീറ്റുകള്‍ റിസര്‍വേഷന്‍ കൂപ്പണില്ലാത്ത യാത്രക്കാര്‍ക്കായി മാറ്റിവെക്കും. ഒരേ ബസിലെ മുഴുവന്‍ സീറ്റുകളും മുന്‍ഗണനാ കൂപ്പണ്‍ പ്രകാരം യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍ ആ ഷെഡ്യൂഡില്‍ അതേ റൂട്ടില്‍ പകരം മറ്റൊരു ബസ് കൂടി സര്‍വീസ് നടത്തും. മുന്‍ഗണന കൂപ്പണുകളില്‍ തീയതി, സീറ്റ് നമ്പര്‍, പുറപ്പെടുന്ന സമയം, ബസ് പുറപ്പെടുന്ന സ്ഥലം എന്നിവ ഉള്‍പ്പെടെ രേഖപ്പെടുത്തിയിക്കും.