കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണ൦; പഞ്ചാബിലെ സുരക്ഷാ വീഴ്ചയിൽ റിപ്പോർട്ട് തേടി അമിത് ഷാ

പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായതിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. സുരക്ഷാ വീഴ്ച ഒരു തരത്തിലും അംഗീകരിക്കാൻ കഴയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ ഇന്നത്തെ സംഭവങ്ങളില്‍ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ട്രെയിലറാണ് പഞ്ചാബില്‍ കണ്ടതെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് നിര്‍മിത സംഭവങ്ങങ്ങളാണ് പഞ്ചാബിലുണ്ടായത്. ജനം നിരന്തരമായി തിരസ്‌കരിച്ചത് കോണ്‍ഗ്രസിനെ ഭ്രാന്തിന്റെ പാതയിലേക്ക് നയിച്ചു. സുരക്ഷ വീഴ്ചയില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി ഉറപ്പാക്കുമെന്നും അമിത്ഷാ വ്യക്തമാക്കി.

ഇതിനിടെ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയിൽ ഖേദം പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ദൗർഭാഗ്യകരമാണ്. പ്രതിഷേധത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി നേരത്തെ അറിയിച്ചിരുന്നു. എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഭവം സംസ്ഥാന പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്.

പഞ്ചാബിലെ ഫിറോസ്പൂര്‍ സന്ദര്‍ശന വേളയിലാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹനത്തിന് വലിയ സുരക്ഷാ വീഴ്ചയുണ്ടായത്. ഒരുമണിയോടു കൂടിയായിരുന്നു ഫിറോസ്പൂരില്‍ റാലി. 12.45ഓടെ പ്രധാനമന്ത്രി ബട്ടിണ്ട വിമാനത്താവളത്തിലെത്തി. ദേശീയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിക്കലായിരുന്നു നിശ്ചയിച്ചിരുന്ന ആദ്യ പദ്ധതി. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഏറെ നേരം കാത്തിരുന്ന ശേഷം യാത്ര റോഡ് മാര്‍ഗമാക്കുകയായിരുന്നു. രക്തസാക്ഷി മണ്ഡപത്തിന് 30 കിലോമീറ്റര്‍ അകലെ വെച്ച് പ്രതിഷേധക്കാര്‍ വാഹനവ്യൂഹത്തിന് മുന്നിലെ വാഹനം തടഞ്ഞു. തുടര്‍ന്ന് പ്രധാമന്ത്രി 20 മിനിറ്റോളം ഓവര്‍ബ്രിഡ്ജില്‍ കുടുങ്ങി.