മുഖ്യമന്ത്രിയുടെ യാത്രയിലെ സുരക്ഷാവീഴ്ച: എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം

കൊച്ചി. മുഖ്യമന്ത്രിയുടെ യാത്രക്കിടെ കാക്കനാട് വച്ച് സുരക്ഷ വീഴ്ചയുണ്ടായതുമായി ബന്ധപ്പെട്ട് നടപടിയുമായി പോലീസ്. സുരക്ഷാചുമതല ഉണ്ടായിരുന്ന എളമക്കര എസ്എച്ച്ഒ ജി സാബുവിനെ വാടനപ്പള്ളി സ്‌റ്റേഷനിലേക്ക് സ്ഥലംമാറ്റി.

കാക്കനാട് കരിങ്കൊടിയുമായി ചാടിയ പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയുടെ കാറിലെ ചില്ലില്‍ പലവട്ടം കൈ കൊണ്ട് ഇടിച്ചത്. കാറില്‍ മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ലില്‍ നിരന്തരം ഇടിച്ച പ്രവര്‍ത്തകനെ പൊലീസെത്തി പിടിച്ചുമാറ്റുകയാണ് ഉണ്ടായത്.

രാവിലെ കരിങ്കൊടിയുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തിരുന്നു. പൊലീസിനു പിടികൊടുക്കാതെ മാറിനിന്ന പ്രവര്‍ത്തകനാണ് മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞു പ്രതിഷേധിക്കുന്നത്. ഒരു പോലീസുകാരന്‍ പ്രതിഷേധക്കാരനെ പിടിച്ച് മാറ്റുവാന്‍ ശ്രമിച്ചുവെങ്കിലും ഇരുവരും മറഞ്ഞ് വീഴുകയായിരുന്നു. വിഴ്ചയില്‍ ഇരുവര്‍ക്കും പരിക്കേറ്റു. പ്രതിയെ പോലീസ് റിമാന്‍ഡ് ചെയ്തു.