കഴിഞ്ഞജന്മത്തിലെന്തോ ബന്ധം ഞങ്ങള്‍ തമ്മിലുണ്ടാകും, മുജ്ജന്മ ബന്ധം എന്ന് പറയാനാണ് എനിക്കിഷ്ടം, ശരണ്യയെ കുറിച്ച് സീമ ജി നായര്‍

മലയാളികളുടെ പ്രിയ നടി ശരണ്യ ശശി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. അര്‍ബുദത്തോട് പടവെട്ടി വര്‍ഷങ്ങളോളം കഴിഞ്ഞ ശേഷമായിരുന്നു അന്ത്യം. ശരണ്യയ്ക്ക് ഒപ്പം എപ്പോഴും തുണയുമായി ഒരു ചേച്ചിയെ പോലെ അമ്മയെ പോലെ സീമ ജി നായരുമുണ്ടായിരുന്നു. നടിയുടെ മരണത്തില്‍ സീമ ജി നായരും തകര്‍ന്ന് പോയിരുന്നു. ജീവിതത്തിലേക്ക് തിരികെ എത്തും എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ശരണ്യയുടെ അപ്രതീക്ഷിത വേര്‍പാട്. ഇപ്പോള്‍ നേരത്തെ ഒരു അഭിമുഖത്തില്‍ ശരണ്യയെ കുറിച്ച് സീമ ജി നായര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ഒരു സീരിയല്‍ സെറ്റില്‍ വച്ചാണ് 2012 ല്‍ ശരണ്യയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ തുടങ്ങുന്നത്. അന്ന് ഞാനും ശരണ്യയും തമ്മില്‍ പരിചയമില്ല. ഒരു ഓണത്തിന് അമ്മയും ശരണ്യയും ഷോപ്പിംഗിന് പോകാനൊരുങ്ങുമ്‌ബോഴാണ് ശരണ്യ തലചുറ്റി വീഴുന്നതും ഹോസ്പിറ്റലിലാകുന്നതും. അവിടെ വച്ചാണ് ഇതൊരു ഗുരുതരമായ പ്രശ്‌നമാണെന്ന് അറിയുന്നത്. പിന്നീട് നിരവധി ടെസ്റ്റുകള്‍ നടത്തി. ഒടുവില്‍ കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അന്ന് ഗണേഷേട്ടന്‍ മന്ത്രിയാണ്. സീരിയല്‍ താരങ്ങളുടെ സംഘടന (ആത്മ)യിലെ പ്രസിഡന്റുമാണ്. ഞാനും അന്ന് ആത്മയുടെ ഭാരവാഹിയാണ്. ഗണേഷേട്ടന്‍ പറഞ്ഞാണ് ശരണ്യയുടെ അസുഖത്തെ കുറിച്ചറിയുന്നത്.

പിന്നീട് അവള്‍ക്കു വേണ്ട എല്ലാ കാര്യങ്ങള്‍ക്കും മുന്നില്‍ തന്നെയുണ്ടായിരുന്നു. അന്ന് ഇത്രയും വലിയൊരു ആത്മബന്ധം ഞങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് കരുതിയിരുന്നില്ല. അതുവരെ എനിക്കും ശരണ്യയ്ക്കും തമ്മില്‍ ഒരു പരിചയവുമുണ്ടായിരുന്നില്ല. ഒരേ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്ന രണ്ടു പേര്‍, അതായിരുന്നു ആകെയുണ്ടായിരുന്ന ബന്ധം. അറിഞ്ഞോ അറിയാതെയോ ഞങ്ങള്‍ക്കിടയിലെ സ്‌നേഹം ശക്തമായി വളരുകയായിരുന്നു. ഞാനവളുടെ രണ്ടാമത്തെ അമ്മയാണെന്നാണ് ശരണ്യ പറയുന്നത്. എനിക്കവളെന്റെ സ്വന്തം മകള്‍ തന്നെയാണ്. കഴിഞ്ഞജന്മത്തിലെന്തോ ബന്ധം ഞങ്ങള്‍ തമ്മിലുണ്ടാകും. മുജ്ജന്മ ബന്ധം എന്ന് പറയാനാണ് എനിക്കിഷ്ടം.

ആദ്യത്തെ സര്‍ജറി കഴിഞ്ഞതോടെ എല്ലാം പഴയ പോലെ ആകുമെന്ന് കരുതിയിരിക്കവെയാണ് വീണ്ടും തിരിച്ചടിയായി രോഗം സ്ഥിരീകരിച്ചത്. ഒന്നര വര്‍ഷത്തെ ഇടവേളയില്‍ രണ്ടാമത്തെ സര്‍ജറിയും. അങ്ങനെയിപ്പോള്‍ എട്ടു വര്‍ഷത്തിനിടയില്‍ പത്ത് സര്‍ജറിയാണ് നടത്തിയത്. എട്ടെണ്ണം തലയിലും രണ്ടെണ്ണം കഴുത്തിലുമായിരുന്നു. ഒരെണ്ണം കഴിഞ്ഞ് അതിന്റെ ക്ഷീണം മാറുന്നതിന് മുന്നേ തന്നെ അടുത്ത സര്‍ജറി വേണ്ടി വരും. 35 വയസിനുള്ളില്‍ അവള്‍ ഒരുപാട് അനുഭവിച്ചു. ശരണ്യയുടെ അസാധാരണ മനക്കരുത്ത് കൊണ്ട് മാത്രമാണ് അവളിപ്പോള്‍ തിരിച്ചുവന്നത്. ഇനിയൊരിക്കലും ആ അസുഖം അവളെ ബുദ്ധിമുട്ടിക്കില്ല എന്ന് തന്നെയാണ് ഞങ്ങളെല്ലാവരും വിശ്വസിച്ചത്. സര്‍ജറികള്‍ തുടരെത്തുടരെ വേണ്ടി വന്നതോടെ ചികിത്സയ്ക്കുള്ള ചെലവ് കണ്ടെത്തുക എന്നത് വലിയ ബുദ്ധിമുട്ടായി മാറി. ഏഴാമത്തെ സര്‍ജറിയായപ്പോള്‍ കൈയില്‍ പത്ത് പൈസയില്ല. ശരണ്യയുടെ അമ്മ ഗീതച്ചേച്ചി വിളിച്ച് ഇനി ചികിത്സയ്ക്ക് ഒരു പൈസയും കൈയിലില്ലെന്ന് പറഞ്ഞ് കരഞ്ഞതോടെ അറിയാവുന്ന പലരെയും വിളിച്ച് ഞാന്‍ വീണ്ടും സഹായം അഭ്യര്‍ത്ഥിച്ചു. ഒന്നും നടന്നില്ല.

അങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത വരണമെന്ന് തീരുമാനിക്കുന്നത്. ആളുകള്‍ വിശ്വസിക്കണമെങ്കില്‍ ശരണ്യയുടെ അപ്പോഴത്തെ അവസ്ഥ കാണിക്കേണ്ടിയിരുന്നു. പക്ഷേ അവളോട് കാര്യം പറഞ്ഞപ്പോള്‍ അവള്‍ക്കത് വലിയ ഷോക്കായിരുന്നു. അവളെ വച്ച് വീഡിയോ എടുക്കാന്‍ പറ്റില്ലെന്നും കരച്ചിലാണെന്നും പറഞ്ഞ് ഗീതചേച്ചി എന്നെ ഫോണില്‍ വിളിച്ച് സങ്കടപ്പെട്ടു. അവളെ പറഞ്ഞ് മനസിലാക്കുക എന്നതല്ലാതെ ഞങ്ങള്‍ക്ക് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. അങ്ങനെ ചികിത്സയ്ക്ക് 25 ലക്ഷം സമാഹരിച്ചു. ആ സര്‍ജറിയും കഴിഞ്ഞു. ഓരോ തവണയും സര്‍ജറി കഴിയുമ്‌ബോള്‍ അതോടെ അവള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് കരുതിയത്. പക്ഷേ അസുഖം പിന്നെയും അവളെ ബുദ്ധിമുട്ടിച്ചു കൊണ്ടേയിരുന്നു. ഓരോ തവണയും സര്‍ജറി കഴിഞ്ഞ് പൊയ്‌ക്കൊണ്ടിരുന്നത് വാടകവീട്ടിലായിരുന്നു. വാടക കൊടുക്കാന്‍ തന്നെ ഏറെ പ്രയാസമായിരുന്നു അവര്‍ക്ക്. അങ്ങനെയാണ് ശരണ്യയ്ക്ക് സ്വന്തമായി വീട് വേണ്ടേയെന്ന് ഞാന്‍ ഗീതചേച്ചിയോട് ചോദിക്കുന്നത്. സുഖമില്ലാത്ത മകളെയും കൊണ്ട് ആ അമ്മ കഷ്ടപ്പെടുന്നത് കണ്ടുനില്‍ക്കാന്‍ കഴിയുന്ന കാഴ്ചയായിരുന്നില്ല. പക്ഷേ ആ അമ്മ അപ്പോഴും പറഞ്ഞു കൊണ്ടിരുന്നത് വീടെന്ന ചിന്തയൊന്നും ഞങ്ങള്‍ക്കില്ല സീമാ എന്നായിരുന്നു. പക്ഷേ അവര്‍ക്ക് സ്വന്തമായി ഒരു വീട് വേണമെന്ന് മറ്റാരെക്കാളും നിര്‍ബന്ധം എനിക്കായിരുന്നു. അവരുടെ കഷ്ടപ്പാടുകള്‍ നേരിട്ട് അറിയാവുന്നവര്‍ക്ക് മാത്രമേ അതൊക്കെ മനസിലാകുമായിരുന്നുള്ളൂ.