വേദന ഇല്ലാത്ത ലോകത്തേക്ക് ഞങ്ങളുടെ കുഞ്ഞുകിളി പറന്നകന്നു, ശരണ്യയുടെ 16-ാം ചരമദിനത്തില്‍ ഉള്ളുരുകി സീമ ജി നായരുടെ കുറിപ്പ്

നടി ശരണ്യയുടെ മരണം ഏവരെയും സങ്കടക്കടലിലാഴ്ത്തിയ ഒന്നാണ്. ശരണ്യയുടെ അമ്മയെയും അവര്‍ക്ക് ഒപ്പം നിന്ന സീമ ജി നായരെയുമാണ് ആ മരണം ഏറെ തളര്‍ത്തി കളഞ്ഞത്. ഇന്ന് ശരണ്യ വിട പറഞ്ഞിട്ട് 16 ദിനങ്ങളായി. ഇപ്പോഴും ആ സങ്കടക്കടലില്‍ നിന്നും സീമ ജി നായര്‍ക്ക് മുക്തയാകാന്‍ സാധിച്ചിട്ടില്ല. സീമ പങ്കുവെച്ച കുറിപ്പ് അത് വ്യക്തമാക്കുന്നതാണ്.

സീമ ജി നായരുടെ കുറിപ്പ്, ഇന്ന് 16-ാം ചരമദിനം (ഇങ്ങനെ ഒരു വാക്ക് എഴുതാന്‍ പോലും എനിക്ക് പറ്റുന്നില്ല). എന്റെ ആരുമല്ലായിരുന്നു.. എന്നാല്‍ എന്റെ ആരെല്ലാമോ ആയിരുന്നു.. അവള്‍ എനിക്ക് മകളായിരുന്നു, അനുജത്തിയായിരുന്നു, എന്റെ എല്ലാമായിരുന്നു.. ഒരു സൗഹൃദ സന്ദര്‍ശനത്തില്‍ തുടങ്ങിയ ബന്ധം.. അതിത്രമാത്രം ആഴത്തിലേക്ക് എത്തുമെന്ന് ആരും കരുതിയിരുന്നില്ല.. ചിലപ്പോള്‍ മുജ്ജന്മ ബന്ധമായിരിക്കാം.. അവളുടെ ജീവന്‍ പിടിച്ചു നിര്‍ത്താന്‍ ആവുന്നത്ര ശ്രമിച്ചു.. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചു.. എപ്പോളും അവള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന പോലെ ഇവിടെയും അങ്ങനെ സംഭവിക്കുമെന്നു പ്രതീക്ഷിച്ചു..

9 തീയതി ഉച്ചക്ക് 12.40 ന് ഞങ്ങളുടെ കയ്യില്‍ നിന്ന് പിടിച്ചു പറിച്ച് അവളെ കൊണ്ടു പോകുമ്പോള്‍ ഞങ്ങളുടെ നെഞ്ചാണ് പറിച്ചു കളയപെട്ടത്.. ഒരു കാര്യത്തില്‍ ഇത്തിരി ആശ്വാസം.. അവള്‍ പൊരുതിയതുപോലെ ഞങ്ങളും അവസാന നിമിഷം വരെ പൊരുതി.. ഒരു കാര്യവും ഇല്ല എന്ന പേരില്‍ ഒന്നിനും ഒരു മുടക്കം വരാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചു.. സത്യത്തില്‍ അതൊരാശ്വാസം തന്നെയാണ്.. സ്‌നേഹ സീമയില്‍ നിന്നും അവളുടെ പ്രിയപ്പെട്ട അമ്മയെയും കൂടപ്പിറപ്പുകളെയും അവളെ സ്‌നേഹിച്ച എല്ലാരേയും വിട്ട് വേദന ഇല്ലാത്ത ലോകത്തേക്ക് ഞങ്ങളുടെ കുഞ്ഞുകിളി പറന്നകന്നു..

കഴിഞ്ഞ 10 വര്‍ഷമായി എന്റെ നെഞ്ചോടു ചേര്‍ത്ത് പിടിച്ച കുഞ്ഞായിരുന്നു.. വര്‍ഷാവര്‍ഷം എത്തിയിരുന്ന ട്യൂമറിനെ അവള്‍ ധീരതയോടെ നേരിട്ടു ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അതിജീവനത്തിന്റെ രാജകുമാരി.. തുടര്‍ച്ചയായ 11 സര്‍ജറികള്‍, 9 എണ്ണം തലയില്‍, 2 എണ്ണം കഴുത്തില്‍.. ഓരോ സര്‍ജറി കഴിയുമ്പോളും പൂര്‍വാധികം ശക്തിയോടെ അവള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു.. പക്ഷെ ലാസ്റ്റ് നടന്ന സര്‍ജറി കഴിഞ്ഞപ്പോള്‍ പേടിയായിരുന്നു ഉള്ളില്‍.. അതിനുശേഷം വന്ന വാര്‍ത്തകള്‍ ശുഭകരം ആയിരുന്നില്ല… ഉറക്കമില്ലാത്ത രാത്രികള്‍.. ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ച നിമിഷങ്ങള്‍..

ഒരേ സമയം രണ്ട് മക്കളെ നഷ്ടപ്പെടുന്ന ഒരമ്മയുടെ അവസ്ഥ വാക്കുകളില്‍ വിവരിക്കാന്‍ ആവില്ല.. എങ്ങും ഇരുട്ട് മാത്രം.. പേരിനുപോലും ഇത്തിരി വെളിച്ചം എന്റെ മുന്നില്‍ ഇല്ല.. ഞാന്‍ ഈ നിമിഷങ്ങളെ എങ്ങനെ തരണം ചെയ്യും.. അവള്‍ക്ക് ഒന്നിനും ഒരു കുറവുണ്ടാവരുതെന്നു ആഗ്രഹിച്ചു അവളുടെ ഇഷ്ടം ആയിരുന്നു എന്റെയും.. അവള്‍ ആഗ്രഹിച്ചതൊക്കെ നേടി കൊടുക്കാന്‍ എനിക്ക് കഴിഞ്ഞു.. അവള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി ഞാന്‍ നിന്നു.. ശരണ്യയെ ഞങ്ങള്‍ക്ക് തിരിച്ചു കിട്ടണമായിരുന്നു.. അവളുടെ ജീവന്‍ നില നിര്‍ത്താന്‍ ചെയ്യാന്‍ പറ്റുന്ന എല്ലാ ട്രീറ്റ്‌മെന്റും ചെയ്തു..

അവസാന നിമിഷം വരെ എനിക്ക് ചെയ്യാന്‍ പറ്റുന്നതിന്റെ മാക്‌സിമം ഞാന്‍ ചെയ്തു.. പക്ഷെ ഈശ്വരന്‍… ഇപ്പോള്‍ ഒരാഗ്രഹം.. പുനര്‍ജ്ജന്മം എന്നൊരു കാര്യം ഉണ്ടായിരുന്നുവെങ്കില്‍, അവളെ ഒരു നോക്ക് കാണാമായിരുന്നു അല്ലെ.. വയലാര്‍ എഴുതിയതു പോലെ ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി.. ഇനിയൊരു ജന്മം ശരണ്യ മോള്‍ക്കുണ്ടായിരുന്നുവെങ്കില്‍..