നീലച്ചിത്ര നടിയാണവര്‍, സണ്ണി ലിയോണിന് ലഭിക്കുന്ന പിന്തുണ ലൈംഗിക തൊഴിലാളികള്‍ക്കില്ലെന്ന് ശീതള്‍ ശ്യാം

നീലച്ചിത്ര നടിയായിരുന്ന ബോളിവുഡ് താരം സണ്ണി ലിയോണിനെ പോലുള്ളവരെ ആരാധിക്കുന്നവർ ലൈംഗിക തൊഴിലാളികളെ അംഗീകരിക്കുന്നില്ലെന്ന് ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റ് ശീതൾ ശ്യാം.സ്ത്രീ എന്നതിന് ലെസ്ബിയൻ വുമൺ, ബൈ സെക്ഷ്വൽ, ട്രാൻസ് വുമൺ, ട്രാൻസ് സെക്ഷ്വൽ വുമൺ തുടങ്ങി പല സ്വത്വങ്ങളുണ്ട്. എന്നാൽ ലിംഗാടിസ്ഥാനത്തിൽ മാത്രമാണ് സ്ത്രീയെ അംഗീകരിക്കുന്നത്.

ലൈംഗിക തൊഴിലിനെ അംഗീകരിക്കാൻ മടിക്കുന്നവർ തന്നെയാണ് ഇത്തരക്കാരെ തേടിയെത്തുന്നതെന്നും കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാനെത്തിയ ശീതൾ പറഞ്ഞു.വിദ്യാസമ്പന്നരായ ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്ക് അവർ പഠിച്ച മേഖലയിൽ ജോലി ചെയ്യാനാകുന്നില്ല. ട്രാൻസ്‌ജെൻഡറുകളെ ജോലിക്ക് കൊള്ളില്ലെന്ന പൊതുചിന്ത ഇപ്പോഴും സമൂഹം വച്ചുപുലർത്തുന്നു. സ്ത്രീകളുടെ മാത്രം ചലച്ചിത്രോത്സവം നടത്തേണ്ടി വരുന്നത് സമൂഹത്തിൽ വിവേചനം നിലനിൽക്കുന്നതിനാലാണ്.

അങ്ങനെയെങ്കിലും സ്ത്രീകളുടെ സ്ഥാനം കലയിൽ കൊണ്ടുവരേണ്ടതുണ്ട്. പുരുഷൻമാർക്ക് ചാർത്തിനൽകുന്ന പദവികൾ മാറണം. കുട്ടികളെ ശരീരത്തെകുറിച്ചും അവകാശങ്ങളെ കുറിച്ചും സ്‌കൂൾതലം തൊട്ടേ പഠിപ്പിക്കണം. എൺപതുകളിൽ ഫെമിനിസമായിരുന്നെങ്കിൽ ഇപ്പോൾ ജെൻഡർ ഇക്വാളിറ്റിയാണ് വിഷയം. ജെൻഡർ ഇക്വാളിറ്റി സാദ്ധ്യമാവാൻ അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്നും ശീതൾ പറഞ്ഞു