ചികിത്സ ഉറപ്പാക്കിയില്ല: സൈനികനെ മർദ്ദിച്ച സംഭവത്തിൽ മജിസ്ട്രേട്ടിന്റെ ഭാഗത്ത് ഗുരുതര വീഴ്ച – പരാതി

കൊച്ചി. കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ സൈനികൻ ഉൾപ്പെടെ പൊലീസ് മര്‍ദനത്തിന് ഇരയായ സംഭവത്തിൽ മജിസ്ട്രേട്ടിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി പരാതി. കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിനെതി രെയാണ് ഹൈക്കോടതി റജിസ്ട്രാർക്ക് പൂര്‍വ സൈനിക സേവാ പരിഷത്ത് പരാതി നൽകിയിരിക്കുന്നത്.

സൈനികനും സഹോദരനും മര്‍ദനമേറ്റ വിവരം മജിസ്ട്രേട്ടിനോട് പറഞ്ഞിരുന്നെങ്കിലും, പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റതു മനസ്സിലാക്കിയിട്ടും മജിസ്ട്രേട്ട് ചികിത്സ ഉറപ്പാക്കിയില്ലെന്നാണ് ഗുരുതര ആരോപണം ഉണ്ടായിരിക്കുന്നത്. പോലീസ് ആവശ്യപ്പെട്ട പോലെ സ്റ്റേഷനിൽ മർദ്ദനമേറ്റ സൈനികനെയും, സഹോദരനെയും മജിസ്ട്രേട്ട് റിമാന്‍ഡ് ചെയ്യുകയായിരുന്നു. നിരുത്തരവാദപരമായ നടപടി സ്വീകരിച്ച മജിസ്ട്രേട്ടിനെതിരെ നടപടി വേണമെന്നാണ് ഹൈക്കോടതി റജിസ്ട്രാർക്ക് പൂര്‍വ സൈനിക സേവാ പരിഷത്ത് നൽകിയിരിക്കുന്ന പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

വിഗ്നേഷ്, സഹോദരനും സൈനികനുമായ വിഷ്ണു എന്നിവരെ പൊലീസ് മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഭവത്തിൽ നാലു പൊലീസുകാർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. എന്നാൽ പ്രതിസ്ഥാനത്തുള്ള പൊലീസുകാരെ സഹായിക്കും വിധം വീടിന് അടുത്തേക്ക് പോലീസുകാർക്ക് സ്ഥലംമാറ്റം നൽക്കുകയാണ് ചെയ്തിരിക്കുന്നത്. സ്റ്റേഷനിലെ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിക്കുന്നത്.