കൊച്ചിയില്‍ 7 കിലോ സ്വര്‍ണം പിടിച്ചു; അഞ്ച് യാത്രക്കാര്‍ അറസ്റ്റില്‍

കൊച്ചി. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡിആര്‍ഐ നടത്തിയ തിരച്ചിലില്‍ വിമാനത്തില്‍ ഏഴ് കിലോ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ 5 യാത്രക്കാരെ അറസ്റ്റ് ചെയ്തു. ദുബായ്-കൊച്ചി- ഡല്‍ഹി വിമാനത്തില്‍ കടത്തുകയായിരുന്ന സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

ദുബായില്‍ നിന്നും എത്തിക്കുന്ന സ്വര്‍ണം ആഭ്യന്തര സര്‍വ്വീസ് വഴി കടത്തുവാന്‍ ശ്രമിച്ചവരാണ് പിടിയിലായത്. ദുബായില്‍ നിന്ന് സ്വര്‍ണം എത്തിച്ച രണ്ട് പേരും ഡല്‍ഹിയിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് പേരുമാണ് പിടിയിലായത്. സ്വര്‍ണം ഡല്‍ഹിയിലെ ആഭ്യന്തര ടെര്‍മിനലിലൂടെ പുറത്തെത്തിക്കുകയായിരുന്നു ലക്ഷ്യം.

ദുബായില്‍ നിന്ന് സ്വര്‍ണവുമായി കയറുന്നവര്‍ വിമാനത്തിലെ സീറ്റിനടിയില്‍ സ്വര്‍ണം ഒളിപ്പിക്കും. കൊച്ചിയില്‍ നിന്ന് ആഭ്യന്തര യാത്രക്കായി കയറുന്ന സ്വര്‍ണക്കടത്ത് സംഘാംഗങ്ങള്‍ ഈ സ്വര്‍ണം എടുത്ത് സുരക്ഷി കേന്ദ്രത്തിലെത്തിക്കും. പിടിച്ചെടുത്ത സ്വര്‍ണത്തിന് മൂന്നരക്കോടിയിലധികം രൂപ വില വരും.