പെണ്‍സുഹൃത്തിന് സന്ദേശമയച്ച വിരോധത്താല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു, ഏഴുപേർ അറസ്റ്റിൽ

കൊച്ചി: പെണ്‍സുഹൃത്തിന് സന്ദേശമയച്ച വിരോധത്താല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍. കാലടി മറ്റൂര്‍ ഇളംതുരുത്തില്‍ ഗൗതം കൃഷ്ണ (24), മറ്റൂര്‍ കല്ലുങ്കല്‍ വീട്ടില്‍ അലക്‌സ് (22), മറ്റൂര്‍ ചെമ്മന്തൂര്‍ ശിവ പ്രസാദ് (25), അങ്കമാലി പുളിയനം മാമ്പ്രക്കാട്ടില്‍ ഗോകുല്‍ (25), മറ്റൂര്‍ കപ്രക്കാടന്‍ വീട്ടില്‍ അഭിജിത്ത് (19), മറ്റൂര്‍ വേലം പറമ്പില്‍ ആകാശ് (20), മറ്റൂര്‍ പയ്യപ്പിള്ളി മാര്‍ട്ടിന്‍ (20) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്.

അയ്യമ്പുഴ സ്വദേശിയായ യുവാവിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗൗതമിന്റെ സുഹൃത്തിന് മെസേജ് അയച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം. മറ്റൂര്‍ ഭാഗത്തുള്ള റസ്റ്റോറന്റിന് സമീപത്തായിരുന്നു സംഭവങ്ങളുടെ തുടക്കം. അവിടെ വച്ച് യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും യുവാവും സുഹൃത്തും ഓടിരക്ഷപ്പെട്ടു.

പിന്നീട് ചികിത്സ തേടിയ ശേഷം മറ്റൂരുള്ള സുഹൃത്തിന്റെ വീട്ടിലെത്തി. പുലര്‍ച്ചെ 3 മണിയോടെ അക്രമി സംഘം മറ്റൂരിലെ വീട്ടിലെത്തി യുവാവിനെ ബലമായി ആളൊഴിഞ്ഞ ഇടവഴിയിലെത്തിച്ചു. യുവാവിന്റെ ബൈക്കും തട്ടിയെടുത്തു. തുടര്‍ന്ന് വടിവാളുകൊണ്ട് വെട്ടിയും വടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് ഒളിവില്‍ പോയ പ്രതികളെ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി.