സിപിഎം വനിതാ നേതാവിന്റെ മകനെ മർദിച്ച സംഭവം, എസ്എഫ്ഐ നേതാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: ചാക്കിലോട്ട മത്സരത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന് തിരുവനന്തപുരം സംസ്‌കൃത കോളേജിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ മുൻ എസ്എഫ്‌ഐ നേതാക്കൾ അറസ്റ്റിൽ. നസീം, സച്ചിൻ, ജിത്തു എന്നിവരാണ് അറസ്റ്റിൽ ആയത്. എസ്എഫ്‌ഐ നേതാക്കളെ രക്ഷിക്കാനായി ദുർബല വകുപ്പുകൾ മാത്രമാണ് ചുമത്തിയത് എന്ന് നേരത്തെ പോലീസിനെതിരെ ആരോപണം ഉയർത്തിയിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ആണ് ഇവരെ പിടികൂടി ജാമ്യം ഇല്ല വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.

കോളേജിലെ ഓണാഘോഷ പരിപാടി സമയത്ത് തിരുവനന്തപുരത്തെ സിപിഎം വനിതാ നേതാവിന്റെ മകനായ ഒന്നാംവർഷ വിദ്യാർത്ഥിയെ ആക്രമിച്ച് താടിയെല്ല് പൊട്ടിച്ച കേസിലാണ് പോലീസ് നടപടി. ചാക്കിൽ കയറി ഓട്ട മത്സരത്തിൽ പങ്കെടുത്ത ആദർശിനെ വീണ്ടും പങ്കെടുക്കാൻ സംഘാടകർ നിർബന്ധിച്ചു മത്സരിക്കാൻ വിസമ്മതിച്ചപ്പോൾ പിടിച്ചുവലിച്ചു ക്ലാസ് മുറിയിൽ കൊണ്ടുപോയി വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.

പിന്നാലെ കസേരയിൽ പിടിച്ചു കെട്ടിയിട്ടും കവിളത്തും മുതുകിലും മർദ്ദിക്കുകയും തടിക്കഷണം കൊണ്ട് മുഖത്തും ഹെൽമറ്റ് കൊണ്ട് തലയിലും ഇടിച്ചുവെന്ന് പരിക്കേറ്റ ആദർശ് മൊഴി നൽകിയിട്ടുണ്ട്. മർദ്ദനത്തിനിരയായ ആദർശ് നിലവിൽ ചികിത്സയിലാണ്. രണ്ടുവർഷം മുമ്പ് കോളേജിൽ നടന്ന കത്തിക്കുത്തി കേസിൽ പന്ത്രണ്ടാം പ്രതിയാണ് എസ്എഫ്‌ഐ നേതാവായ നസീം