ഗവർണറെ കാമ്പസിൽ പ്രവേശിപ്പിക്കില്ല, കാലിക്കറ്റ് സര്‍വകലാശായിലെ എസ്എഫ്‌ഐ പ്രതിഷേധത്തിൽ സംഘർഷം, പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കി

മലപ്പുറം: ഗവര്‍ണറെ കാമ്പസിൽ പ്രവേശിപ്പിക്കില്ലായെന്ന് പ്രഖ്യാപിച്ച് കാലിക്കറ്റ് സർവ്വകലാശാല കാമ്പസിൽ എസ് എഫ് ഐ പ്രതിഷേധം സംഘർഷത്തിലെത്തി. എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു. ഗവർണർ എത്തുംമുമ്പ് വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ഗവർണർ താമസിക്കാനെത്തുന്ന സർവകലാശാല ​ഗസ്റ്റ് ഹൗസിന് മുന്നില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ അടക്കമുള്ള പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പോലീസ് ഇടപെട്ടു, ഇവരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി. നിരവധി പ്രവര്‍ത്തകര്‍ ഇപ്പോഴും കാമ്പസ് പരിസരങ്ങളില്‍ തുടരുന്നുണ്ട്‌.

പ്രതിഷേധം കണക്കിലെടുത്ത് ക്യാമ്പസിനുള്ളില്‍ കനത്തസുക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. മലപ്പുറം എസ്.പി എസ്.ശശിധരന്റെ നേതൃത്വത്തില്‍ സമീപ ജില്ലകളിൽ നിന്നുൾപ്പെടെ 500-ല്‍ അധികം പോലീസുകാരാണ് സ്ഥലത്തുള്ളത്. കൊണ്ടോട്ടി, തിരൂര്‍, മലപ്പുറം ഡിവൈ.എസ്.പിമാര്‍ക്കാണ് സുരക്ഷാചുമതല.

വൈകീട്ട് 6.15ഓടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന ഗവര്‍ണര്‍ വൈകീട്ട് ഏഴ് മണിയോടെ സര്‍വകലാശാല കാമ്പസില്‍ എത്തുമെന്നാണ് വിവരം. വിമാനത്താവളത്തില്‍നിന്ന് സര്‍വകലാശാലയിലേക്കുള്ള വഴിലുടനീളം സുരക്ഷയ്ക്കായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ട് മൂന്ന് മണിമുതലാണ് കാമ്പസിന്റെ അകത്തുനിന്നും പുറത്തുനിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ഗസ്റ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധിച്ചത്.