ഡോ.ഷഹാനയുടെ ആത്മഹത്യ, റുവൈസിന്റെ സസ്പെൻഷൻ നീട്ടി

തിരുവനന്തപുരം∙ മെഡിക്കൽ കോളജ് പിജി അവസാന വർഷ വിദ്യാർഥിനിയായിരുന്ന ഡോ.ഷഹാനയുടെ മരണത്തിന് ഉത്തരവാദിയായ ഡോ.റുവൈസിന്റെ സസ്പെൻഷൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നീട്ടി. 3 മാസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള മാനസിക പീഡനത്തെത്തുടർന്നാണ് ഷഹാന ആത്മഹത്യ ചെയ്ത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥിയായ ഡോ.റുവൈസും ഷഹാനയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇത് വിവാഹ നിശ്ചയം വരെ എത്തിയിരുന്നു. എന്നാൽ, സ്ത്രീധനം കൂടുതൽ നൽകാത്തതിനെ തുടർന്ന് റുവൈസ് വിവാഹത്തിൽ നിന്നും പിന്മാറിയിരുന്നു.

ഇതിനെ തുടർന്നാണ് ഷഹാന ആത്മ​ഹത്യ ചെയ്തത്. 2023 ഡിസംബർ 4 ന് രാത്രിയിലാണ് മെഡിക്കൽ കോളജിന് സമീപത്തുള്ള താമസസ്ഥലത്തു ഷഹ്നയെ ജീവനൊടുക്കിയ നിലയിൽ കണ്ടത്. റുവൈസിനെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് റിമാൻഡ് ചെയ്തതിനെ തുടർന്ന് മെഡിക്കൽ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് സസ്‌പെൻഷൻ പിൻവലിക്കണമെന്ന് റുവൈസ് അപേക്ഷ സമർപ്പിച്ചിരുന്നു.

തുടർന്ന്, ഡിഎംഇ 6 അംഗങ്ങൾ അടങ്ങുന്ന അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. സസ്‌പെൻഷൻ 3 മാസത്തേക്ക് കൂടി നീട്ടാവുന്നതാണെന്നു കമ്മിറ്റി തീരുമാനിച്ചു. ഇക്കാര്യം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ എ.എ.റഷീദിനെ അറിയിച്ചു.