മറുനാടന്‍ മലയാളി ഷാജന്‍ സ്‌കറിയക്ക് ലുക്ക് ഔട്ട് നോട്ടീസ്, വിദേശത്ത് കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ അലർട്ട്

മറുനാടന്‍ മലയാളി ഷാജന്‍ സ്‌കറിയക്ക് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കുന്നത്തു നാട് എംഎല്‍എ വി. ശ്രീനിജന്‍ നല്കിയ കേസിൽ ഒളിവിൽ കഴിയുന്ന ഷാജൻ വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ കസ്റ്റംസ് ആന്റ് എമിഗ്രേഷൻ വിഭാഗത്തിൽ അലർട്ട് നല്കിയിട്ടുണ്ട്. ഷാജനെ അറസ്റ്റ് ചെയ്യാൻ പോലീസ് 2 സംഘങ്ങളായാണ്‌ തിരച്ചിൽ നടത്തുന്നത്. ഷാജൻ സ്കറിയക്ക് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച വാർത്ത ജന്മഭൂമിയാണ്‌ റിപോർട്ട് ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചതായും ജന്മഭൂമി റിപോർട്ടിൽ ഉണ്ട്.ഷാജനു ബ്രിട്ടനിൽ സ്വന്തമായി വീടുണ്ട്. അങ്ങോട്ട് കറ്റക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ്‌ പോലീസിന്റെ നീക്കം.

വ്യാജ വാര്‍ത്ത നല്‍കി വ്യക്തി അധിക്ഷേപം നടത്തിയെന്നാരോപിച്ച് എംഎല്‍എ നല്‍കിയ പരാതിയിലാണ് കേസ്. എസ്‌സി-എസ്ടി പീഡന നിരോധന നിയമം നിലനില്‍ക്കുമെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുന്നുവെന്നുമാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഉത്തരവിട്ടത്. മറുനാടന്‍ മലയാളി സിഇഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ. റിജു എന്നിവരാണ് മറ്റു പ്രതികള്‍.ഇതിനിടെ ഷാജൻ സ്കറിയ ഈ മാസം ലക്നൗ കോടതിയിൽ ഹാജരാകണം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കുടുംബവും പ്രധാനമന്ത്രിയുടെ ഓഫീസും ആയി ബന്ധപ്പെട്ട് 8300 കോടിയുടെ അഴിമതി നടത്തി എന്ന വ്യാജവാർത്തയിലാണ്‌ ലക്നൗ കോടതിയിലെ അറസ്റ്റ് വാറണ്ട് നിലവിൽ ഉള്ളത്. നോട്ട് നിരോധിച്ച് 13മത് ദിവസം അജിത് ഡോവലിന്റെ കുടുംബത്തിന്റെ അക്കൗണ്ടിൽ 8300 കോടി രൂപ എത്തി എന്നായിരുന്നു ഷാജൻ ഒരു വീഡിയോയിൽ പറഞ്ഞത്.

പ്രധാനമന്ത്രിയുടെ ഓഫീസുമായും അഴിമതി ബന്ധപ്പെടുത്തി വാർത്ത വായിച്ചതും ഷാജൻ ആയിരുന്നു. അഴിമതി നടത്താൻ അജിത് ഡോവലും എം എ യൂസഫലിയുടെ സ്ഥാപനവും ചേർന്ന് പ്രവർത്തിച്ചു എന്നും പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലക്നൗ കോടതിയിൽ എടുത്ത കേസിൽ ഷാജൻ ഹാജരായിരുന്നില്ല. തുടർന്ന് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. അടുത്ത അവധിക്കും ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറണ്ട് യു.പി പോലീസിനു കൈമാറും. യു.പി പോലീസ് സാധാരണ ഗതിയിൽ കടുത്ത നടപടികൾ സ്വീകരിക്കാറുള്ളതും ഷാജനു വെല്ലുവിളിയാകും. ലക്നൗ കോടതിയിൽ നിന്നും ഷാജനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കം അണിയറയിൽ വാദി ഭാഗം നീക്കുന്നുണ്ട്.

കൊച്ചി സിറ്റി പൊലീസാണ് ഷാജന്‍ സ്‌കറിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് നോട്ടീസ് ഇറക്കിയത്. ഇയാള്‍ക്കായി സംസ്ഥാന വ്യാപകമായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. രണ്ടാഴ്ചയായി ഇയാള്‍ ഒളിവിലാണെന്നും പൊലീസ് പറയുന്നു.സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എം.എല്‍.എ ശ്രീനിജനെതിരായ അപകീര്‍ത്തി കേസില്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

മറുനാടന്‍ മലയാളിയുടെ മാധ്യമ പ്രവര്‍ത്തനമെന്നാല്‍ അപമാനിക്കലും അപകീര്‍ത്തിപ്പെടുത്തലുമാണെന്ന് ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ രൂക്ഷ വിമർശനം നടത്തിയിരുന്നു.മാധ്യമ പ്രവര്‍ത്തകരെ മാധ്യമ പ്രവര്‍ത്തനത്തില്‍ മുന്നോട്ട് നയിക്കാനാണ് നാല് ഡബ്ല്യൂ (W) ഉപയോഗിക്കുന്നത്. ഇത് വാര്‍ത്തയുടെ കൃത്യതയും പൂര്‍ണ്ണതയും ഉറപ്പുവരുത്തും. നാല് ഡബ്ല്യൂവും ഒരു എച്ചും (H) മാധ്യമ പ്രവര്‍ത്തകര്‍ വിവര ശേഖരണത്തിനായി ഉപയോഗിക്കുന്നു. എന്നാല്‍ മറുനാടന്‍ മലയാളി യൂട്യൂബ് ചാനലിലെ വീഡിയോ വഴി നാല് ഡബ്ല്യൂവിന് പകരം നാല് ഡി (D) (അപമാനിക്കലും അപകീര്‍ത്തിപ്പെടുത്തലും നശിപ്പിക്കലും തകര്‍ക്കലും) ആണ് ഉപയോഗിക്കുന്നതെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു.

മറുനാടന്‍ മലയാളി യൂട്യൂബ് ചാനലിലൂടെ ഷാജന്‍ സ്‌കറിയ പ്രസിദ്ധീകരിച്ച വീഡിയോ അധിക്ഷേപവും അപമാനിക്കുന്നതും ആണെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. പരാതിയിലെ ആക്ഷേപങ്ങളും സാഹചര്യങ്ങളും മാത്രമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. പരാതിക്കാരന്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയാണെന്ന് അറിഞ്ഞുകൊണ്ടാണ് ഷാജന്‍ സ്‌കറിയ നിരന്തരം അധിക്ഷേപവും അപമാനവും സൃഷ്ടിച്ചത്. ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ ദളിത് പീഡന നിരോധന നിയമം അനുസരിച്ചുള്ള വകുപ്പ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കോടതി വിധിയിൽ പരാമർശിക്കുന്നു