പിണറായി വിജയനെ തറപറ്റിക്കാന്‍ ഷമ മുഹമ്മദിനാകുമോ?…ധര്‍മ്മടത്ത് ഇത്തവണ തീപാറും

കണ്ണൂര്‍ : ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ജയിച്ചിരുന്നത് ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ്. അത് കൊണ്ട് തന്നെ യുഡിഎഫ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥി അത്രമേല്‍ ജനപിന്തുണയുള്ള ആളായിരിക്കണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരണവുമായി എ.ഐ.സി.സി വക്താവ് ഷെമ മുഹമ്മദ് രംഗത്ത്. പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിയ്ക്കാന്‍ തയ്യാറാണെന്നാണ് ഷെമ വ്യക്തമാക്കിയത്.

മുപ്പത്തയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് പിണറായി വിജയന്‍ മല്‍സരിച്ച് വിജയിച്ച് നില്‍ക്കുന്ന മണ്ഡലത്തില്‍ മത്സരിയ്ക്കുമോ എന്ന ചോദ്യത്തിനാണ് ഷെമ തന്റെ നിലപാട് വ്യക്തമാക്കിയത്. ഷെമ രാഷ്ട്രീയത്തില്‍ സജീവമായിട്ട് ഏഴ് വര്‍ഷത്തില്‍ താഴെ മാത്രമാണ് കാലയളവായിട്ടുള്ളത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ദേശീയ വക്താക്കളിലൊരാളായ ഷെമ ദേശീയ മാധ്യമങ്ങളിലെ നിറ സാന്നിധ്യവുമാണ്.

അതിനാല്‍ ഷെമ മുഹമ്മദിനെ ധര്‍മ്മടം അല്ലെങ്കില്‍ മറ്റൊരു മണ്ഡലത്തിലേക്ക് പരിഗണിയ്ക്കണമെന്ന ചര്‍ച്ചയും സജീവമാണ്. എന്നാല്‍ മുഖ്യമന്ത്രിയെ പോലെ ഒരാളെ തളയ്ക്കാന്‍ മാത്രം കഴിവുള്ള സ്ഥാനാര്‍ത്ഥിയാണോ ഷമ മുഹമ്മദ് എന്ന് പാര്‍ട്ടി പരിശോധിക്കേണ്ടിയിരിക്കുന്നു.