കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞതിന് പിതാവിനെ പുറത്താക്കാന്‍ കുത്തിത്തിരിപ്പുണ്ടാക്കിയ ആള്‍…, ഇടവേള ബാബുവിനെതിരെ ഷമ്മി തിലകന്‍

നടനും താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് അനുഭാവിയുമായ ഇടവേള ബാബുവിന്റെ ഇരട്ടത്താപ്പ് കാട്ടുന്നുവെന്ന് ആരോപണവുമായി നടന്‍ ഷമ്മി തിലകന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇടവേള ബാബുവിനെതിരെ ഷമ്മി തിലകന്‍ രംഗത്ത് എത്തിയത്. താന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്ന് പറഞ്ഞതിന് അന്തരിച്ച മഹാനടനും തന്റെ പിതാവുമായ തിലകനോട് വിശദീകരണം ചോദിക്കുകയും അദ്ദേഹത്തെ പുറത്താക്കാനാണ് ‘കുത്തിത്തിരിപ്പ് ഉണ്ടാക്കുകയും’ ചെയ്ത ഇടവേള ബാബു ഇപ്പോള്‍ താന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി വേദി പങ്കിടുന്നതിലെ അസ്വാഭാവികതയാണ് ഷമ്മി തിലകന്‍ വിശദീകരിച്ചത്.

ഇടവേള ബാബു കോണ്‍ഗ്രസിന്റെ ഐശ്വര്യകേരള യാത്രയുടെ വേദിയില്‍ രമേശ് ചെന്നിത്തലയോടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുമൊപ്പം വേദി പങ്കിടുന്ന ചിത്രം ഉള്‍ക്കൊള്ളുന്ന മാദ്ധ്യമ വാര്‍ത്തയും ഷമ്മി തിലകന്‍ തന്റെ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ഷമ്മി തിലകന്റെ കുറിപ്പ് ഇങ്ങനെ, ഞാന്‍ കമ്മ്യൂണിസ്റ്റാണ്…എന്ന് പരസ്യമായി പറഞ്ഞതിന് എന്റെപിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നല്‍കിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത ‘അമ്മ’ സംഘടനയുടെ പ്രതി പക്ഷനേതാവ്.. ഞാന്‍ കോണ്‍ഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതില്‍ എന്താ കൊഴപ്പം..? അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകള്‍ക്ക് വളപ്പില്‍ പോലും പാടില്ല എന്നല്ലേ ഉള്ളൂ..? നന്നായി കണ്ണ് തള്ളി കണ്ടാ മതി..!’