ഗവർണറെ വധിക്കുമെന്ന് ഭീഷണി, സന്ദേശമയച്ച കോഴിക്കോട് സ്വദേശി ഷംസുദീൻ അറസ്റ്റിലായി.

തിരുവനന്തപുരം. ഗവർണറെ വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ച ആൾ അറസ്റ്റിലായി. ആരിഫ് മുഹമ്മദ് ഖാനെ വധിക്കുമെന്ന് ഇമെയിലൂടെ ഭീഷണിപ്പെടുത്തിയ കോഴിക്കോട് സ്വദേശിയായ ഷംസുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഗവർണറെ പത്ത് ദിവസത്തിനകം വധിക്കുമെന്നായിരുന്നു ഇയാൾ അയച്ച ഇമെയിൽ സന്ദേശത്തിൽ ഭീക്ഷണിപ്പെടുത്തിയിരുന്നത്. സംഭവത്തിൽ ഗവർണറുടെ ഓഫീസ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഗവര്‍ണറുടെ ഓഫീസ് നല്‍കിയ പരാതിയെ തുടര്‍ന്ന് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംസുദീൻ അറസ്റ്റിലായിരിക്കുന്നത്.

കോഴിക്കോട് നിന്നാണ് ഇമെയില്‍ സന്ദേശമെത്തിയത് എന്ന വിവരം സൈബര്‍ പോലീസ് ലോക്കല്‍ പോലീസിന് കൈമാറി. തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഷംസുദ്ദീനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.