സംഭവ ബഹുലമായ മൂന്ന് വർഷങ്ങൾ, പൂർവ്വാധികം കരുത്തോടെ തന്നെ ജീവിക്കുന്നു,ഷിൽന

റോഡപകടത്തിൽ മരിച്ച എഴുത്തുകാരനും തലശ്ശേരി ബ്രണ്ണൻ കോളേജ് അധ്യാപകനുമായിരുന്ന കെ വി സുധാകരന്റെ ഭാര്യയാണ് ഷിൽന സുധാകർ.വാഹനാപകടത്തിൽ ഭർത്താവ് വിടപറഞ്ഞെങ്കിലും കുട്ടികളെ പ്രസവിക്കണമെന്ന ഭർത്താവിന്റെ ആ​ഗ്രഹത്തിനൊപ്പം ഷിൽന നിന്നു. സുധാകർ വിടപറഞ്ഞ് ഒരുവർഷവും 30ദിവസവും പിന്നിട്ട ദിവസം ഷിൽന ഇരട്ടകുട്ടികൾക്ക് ജന്മം നൽകി.അങ്ങനെയാണ് ഷിൽനെ ജനങ്ങൾ അറിയാൻ തു‌ങ്ങിയതും

2017 ഓഗസ്റ്റ് 15നാണ് അധ്യാപകനും കവിയുമായ കെ വി സുധാകരൻ വാഹനപകടത്തിൽ മരിച്ചത്. തലശേരി ഗവ. ബ്രണ്ണൻ കോളേജ് അധ്യാപകനായ സുധാകരൻ ഔദ്യോഗിക ആവശ്യത്തിനായി നിലമ്പൂരിൽ പോയപ്പോഴാണ് ടിപ്പർ ലോറിയിടിച്ച് മരിച്ചത്.കെ.വി.സുധാകരന്റെ മരണശേഷം ഭാര്യ ഷിൽനയുടെ ഗർഭപാത്രത്തിൽ ഐവിഎഫ് ചികിൽസയിലൂടെ നിക്ഷേപിച്ച അദ്ദേഹത്തിന്റെ ബീജത്തിൽ നിന്നാണ് ഇരട്ടപെൺകുട്ടികൾ പിറന്നത്. രണ്ട് വയസ്സ് കഴിഞ്ഞ കണ്മണികളുടെ വിശേഷങ്ങളും ഭർത്താവിനെക്കുറിച്ചുള്ള മധുരമായ ഓർമ്മകളും ഷിൽന സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ കൺമണികളുടെ പിറന്നാൾ ദിനത്തിൽ ഷിൽന പങ്കുവച്ച ചിത്രവും ഹൃദയം കവരുകയാണ്. ‘സംഭവ ബഹുലമായ മൂന്ന് വർഷങ്ങൾ പിന്നിട്ടു.പൂർവ്വാധികം കരുത്തോടെ തന്നെ ജീവിക്കുന്നു.’ കുഞ്ഞുങ്ങളുടെ പിറന്നാൾ ചിത്രത്തിനൊപ്പം ഷിൽന പങ്കുവച്ച ചിത്രം ഒരേ സമയം സന്തോഷവും കണ്ണീരും നിറയ്ക്കുന്നു. സെപ്റ്റംബർ 13നായിരുന്നു കുഞ്ഞുങ്ങളുടെ പിറന്നാൾ ദിനം. നിരവധി പേരാണ് കുഞ്ഞുങ്ങൾക്ക് ആശംസയറിയിച്ച് രംഗത്തെത്തിയത്.

‘സംഭവ ബഹുലമായ മൂന്ന് വർഷങ്ങൾ പിന്നിട്ടു.പൂർവ്വാധികം കരുത്തോടെ തന്നെ ജീവിക്കുന്നുണ്ട്. സ്നേഹിക്കുന്നവർക്കും, ആശംസകൾ അറിയിച്ചവർക്കും നന്ദി ,ഹൃദയം നിറഞ്ഞ നന്ദി.’– ഷിൽനയുടെ കുറിപ്പ് ഇങ്ങനെ പോകുന്നു.