ലൈനിൽ കിടന്ന മരം വെട്ടിമാറ്റുന്നതിനിടെ ഷോക്കേറ്റു, ലൈൻമാന് ദാരുണ മരണം

ഇടുക്കി : മഴയിലും കാറ്റിലും വൈദ്യുതി ലൈനിലേക്ക് വീണ മരച്ചില്ല വെട്ടി നീക്കുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. കാഞ്ഞാർ സംഗമംകവല മാളിയേക്കൽ കോളനിക്കു സമീപം കോണിക്കൽ കെ.എ. അൻസ് (45) ആണ് മരിച്ചത്. ഏലപ്പാറ കോഴിക്കാനം കിഴക്കേ പുതുവലിൽ ലൈനിൽ കിടന്ന മരം വെട്ടിമാറ്റുന്നതിനിടെയാണ് ഷോക്കേറ്റത്.

ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.മഴ കനത്തതോടെ ഷോക്കേറ്റും ഇടിമിന്നലേറ്റും അപകടങ്ങൾ പതിവാകുകയാണ്. ഈ മാസം 13ന് കൊല്ലം പുത്തൂരിലും കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. പുത്തൂര്‍ സെക്ഷനിലെ ലൈൻമാൻ ശാസ്താംകോട്ട സ്വദേശി പ്രദീപ് കുമാർ (48) ആണ് മരിച്ചത്.

പവിത്രേശ്വരം ആലുശ്ശേരിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയായിരുന്നു അപകടം. കോയമ്പത്തൂർ ശരവണംപെട്ടിയിലെ ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ അപാർട്ട്മെന്‍റിലെ പാർക്കിൽ കളിക്കുന്നതിനിടെ ഷോക്കേറ്റ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. വിയോമ പ്രിയ (എട്ട്), ജിയനേഷ് (ആറ്) എന്നീ കുട്ടികളാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം.

പാർക്കിലെ ഗാർഡനിലേക്കുള്ള ഇലക്ട്രിക് വയർ തകരാറിലായിക്കിടക്കുകയായിരുന്നു. ഇത് കുട്ടികളുടെ കളിയുപകരണത്തിൽ തൊട്ടതോടെയാണ് ഇരുവർക്കും ഷോക്കേറ്റത്. വിയോമ പ്രിയ സ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും ജിയനേഷ് ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ശരവണംപെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.