കർമം കൊണ്ട് എന്റെ സ്വന്തം, ഞാൻ ഏറെ ഇഷ്ടപ്പെടുന്ന അച്ഛനാണ്, എന്റെ അമ്മയെ കല്യാണം കഴിച്ച ആളാണ്- ശ്രുതി

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരു പോലെ തിളങ്ങിയ രമേശ് വലിയശാലയുടെ മരണം സഹപ്രവർത്തകിൽ വൻ ആഘാതം സൃഷ്ടിച്ചിരുന്നു. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയിൽ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരിൽ ഒരാളായിരുന്നു. 22 വർഷത്തോളമായി സീരിയൽ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. തിരുവനന്തപുരം ആർട്!സ് കോളേജിൽ പഠിക്കവെയാണ് നാടകത്തിൽ സജീവമായത്. കോളേജ് പഠനത്തിന് ശേഷം മിനിസ്!ക്രീനിന്റെയും ഭാഗമായി മാറുകയായിരുന്നു.

രമേശ് വലിയശാലയുടെ വേർപാടിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ മകൾ എംഎസ് ശ്രുതി മറുപടിയുമായെത്തിയിരുന്നു. എന്നാൽ അതിൽ ചിലർ നെ​ഗറ്റീവ് കമന്റുമായെത്തി. രമേശിന് ഒരു മകൻ മാത്രമാണുള്ളതെന്നായിരുന്നു ചിലരുടെ കമന്റുകൾ. ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രുതി. അച്ഛനൊപ്പമുള്ള അഭിമുഖത്തിന്റെ വീഡിയോയടക്കം പങ്കുവച്ചു കൊണ്ടായിരുന്നു ശ്രുതിയുടെ പ്രതികരണം.വാക്കുകൾ

ഇത് അവിട്ടം നാളിൽ ടെലികാസ്റ്റ് ചെയ്ത അഭിമുഖമാണ്. നിങ്ങളുടെ സംശയങ്ങളുടെ ഉത്തരം ഇതിലുണ്ട്. ഇതിൽ നിങ്ങൾ പറയുന്ന രമേശ് തന്നെ പറയുന്നുണ്ട് ഞാൻ ആളുടെ മകൾ ആണെന്ന്. ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഞാൻ നിങ്ങൾക്ക് സമർപ്പിക്കേണ്ടത്. എന്റെ ആധാർ ആണോ, ഐഡി കാർഡ് ആണോ, അതിലും ഫാദറിന്റെ സ്ഥാനത്ത് അച്ഛന്റെ പേരാണ്. അച്ഛന്റെ സ്വയം ഇഷ്ടപ്രകാരം അച്ഛൻ മാറ്റിയതാണ് പേര്. പുള്ളിക്കാരൻ മകളായി അംഗീകരിച്ചിട്ടുണ്ട്. പിന്നെ നിങ്ങൾക്ക് എന്താ പ്രശ്‌നം?

ഇനി ആർക്കാണ് മകൻ മാത്രമാണ് ഉള്ളുവെന്നൊരു സംശയം? ജന്മം കൊണ്ട് മാത്രമേ അച്ഛൻ ആകാൻ കഴിയത്തുള്ളുവോ? കർമം കൊണ്ട് പറ്റില്ലേ? കർമം കൊണ്ട് എന്റെ സ്വന്തം, ഞാൻ ഏറെ ഇഷ്ടപ്പെടുന്ന അച്ഛനാണ്. എന്റെ അമ്മയെ കല്യാണം കഴിച്ച ആളാണ്. അപ്പോൾ അച്ഛൻ എന്നല്ലേ. അതിൽ രണ്ടാനച്ചൻ ആദ്യത്തെ അച്ഛൻ എന്നുണ്ടോ? എന്തായാലും ഞാൻ രണ്ടാനച്ഛനായി കണ്ടിട്ടില്ല. എന്റെ സ്വന്തം അച്ഛൻ. എന്റെ കൂട്ടുകാരൻ ആയിട്ടേ കണ്ടിട്ടുള്ളൂ.

ഇനി ആർക്കെങ്കിലും സംശയം ഉണ്ടോ? പുള്ളിക്കാരൻ പരസ്യമായി അംഗീകരിച്ചതാണ്. അതിന്റെ തെളിവ് ആണ്. ഇനി എന്തേലും സംശയം ഉണ്ടേൽ പറഞ്ഞാ മതി. ബാക്കി തെളിവുകളും തരാം. പെണ്ണുങ്ങൾ മാത്രം ആയത് കൊണ്ട് പ്രതികരിക്കാനുള്ള ശക്തി ഇല്ലായെന്ന് വിചാരിച്ചിട്ടാണോ പുതിയ കഥകൾ ചമയുന്നതും വളരെ മ്ലേച്ഛമായ കമന്റ് ഇടുന്നതും. നിങ്ങൾ ചോദിക്കും എന്തിനാ തിടുക്കപ്പെട്ട് ഞാൻ പ്രതികരിക്കുന്നതെന്ന്. ഇത്രയും നാൾ സൈലന്റ് ആയി ഇരുന്നത് കൊണ്ടാണ് ഇവിടെ ഫേക്ക് ടോക്‌സ് നടന്നത്. അപ്പോ തന്നെ ഞാൻ സംസാരിച്ചിരുന്നുവെങ്കിൽ വേറെ കഥകൾ വരില്ലായിരുന്നു.