അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ ഇരുന്നത്. ഒരച്ഛന്റെ സ്നേഹം കാണുകയും അനുഭവിക്കുകയുമായിരുന്നു അപ്പോളെന്ന് നടൻ മധുപാൽ

മധുപാലിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

പ്രിയപ്പെട്ട സിദ്ധിക്കിക്ക അങ്ങയുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ ഇരുന്നത്. അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തുന്നത് കണ്ടു. എത്രമാത്രം സ്നേഹത്തോടെ ആണ് അവനെ അടുത്തിരുത്തുന്നത്. ഒരച്ഛന്റെ സ്നേഹം കാണുകയും അനുഭവിക്കുകയുമായിരുന്നു.
ആദരാഞ്ജലികൾ

വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു റാഷിന്റെ അന്ത്യം. സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാള്‍ ആണ് റാഷിന്‍. സാപ്പി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കുറേക്കാലം റാഷിനെ കുറിച്ചുള്ള വിവരങ്ങള്‍ സിദ്ദിഖിന്റെ ആരാധകര്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ സജീവമായതോടെ സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖും മകന്‍ ഷഹീന്‍ സിദ്ദിഖും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.