സിദ്ധാർത്ഥിന്റെ ദുരൂഹ മരണം, തെളിവുകൾ നശിപ്പിക്കുന്നുവെന്ന് പിതാവ്, ഗവർണറെ കണ്ട് പരാതി നൽകും

തിരുവനന്തപുരം : സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം ഇഴയുന്നതായി അച്ഛൻ ജയപ്രകാശ്.  തെളിവുകൾ നശിപ്പിക്കുന്നുവെന്നും കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നും പിതാവ് പ്രതികരിച്ചു. സർക്കാർ ഇപ്പോൾ ഒന്നും പറയുന്നില്ല. എല്ലാവരുടെയും വാമൂടികെട്ടണം എന്നതായിരുന്നു സർക്കാരിന്റെ അന്നത്തെ ലക്ഷ്യം. അതിൽ അവർ വിജയിച്ചു.

സമൂഹവും മാദ്ധ്യമങ്ങളും അവർക്കെതിരെ തിരിഞ്ഞതിനാൽ എല്ലാവരുടെയും വാമൂടാനാണ് അവർ ശ്രമിച്ചിരുന്നത്. അത് കൊണ്ട് മാത്രമാണ് അവർ അന്ന് സംഭവത്തിൽ ഇടപെട്ടത്. സിബിഐ അന്വേഷണം
പ്രഖ്യാപിച്ചെങ്കിലും യാതൊരു തുടർ നടപടികളും ഉണ്ടായില്ല. അവരുടെ കാര്യങ്ങൾ ചെയ്യാൻ അവർക്ക് ഒരാഴ്ചയോളം മതിയായിരുന്നു. പൊലീസ് അന്വേഷണം അവർ മതിയാക്കി വച്ചു. അന്വേഷണം എവിടെയും എത്തിയിട്ടില്ല. സിബിഐയ്‌ക്ക് അവർ കേസ് ഔദ്യോ​ഗികമായി കൈമാറിയിട്ടില്ല.

സസ്പെൻഡ് ചെയ്ത 33 പേരെയും തിരിച്ചെടുത്തു. ആന്റി റാ​ഗിംങ് സ്ക്വാഡ് കണ്ടെത്തിയ 33 പേരെയാണ് തിരിച്ചെടുത്തത്. ഏത് അടിസ്ഥാനത്തിലാണ് അവരെ തിരിച്ചെടുത്തത്. നീതിയ്‌ക്ക് നിരക്കാത്ത കാര്യങ്ങളാണ് വിസിയുടെ ഭാ​ഗത്ത് നിന്നുണ്ടായത്. ഉറപ്പായും രാഷ്‌ട്രീയ ഇടപെടലുണ്ടായിരിക്കും. എന്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുത്തത്. ഡീനിനെതിരെ എന്തുകൊണ്ടാണ് ഒരു നടപടിയും സ്വീകരിക്കത്തത്.

അന്വേഷണം അടിമറിക്കപ്പെടുന്നുവെന്നും തെളിവുകൾ നശിപ്പിക്കുന്നുവെന്നും ​ഗവർണറെ ബോധിപ്പിക്കും. അന്വേഷണം വൈകിപ്പിക്കുന്നതിനെ കുറിച്ച് ​ഗവർണറോട് പറയും. നീതി ലഭിക്കുമെന്ന് ഉറപ്പ് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലേക്ക് പ്രതിഷേധവുമായി പോകുമെന്നും സിദ്ധാർത്ഥിന്റെ പിതാവ് പ്രതികരിച്ചു.