ഭാര്യ തന്നോട് അഭിനയിക്കരുതെന്ന് പറഞ്ഞിരുന്നു,എനിക്കും എന്റെ അഭിനയം ഇഷ്ടമല്ലായിരുന്നു, സിദ്ദിഖ് പറഞ്ഞത്

സംവിധായകൻ സിദ്ദിഖിന്റെ പെട്ടന്നുള്ള വേർപാടിന്റെ ഞെട്ടലിലാണ് സിനിമ ലോകം. ഇന്ന് വൈകീട്ട് 6 മണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ മൃശശരീരം ഖബറടക്കും. സഹപ്രവർത്തകരും സിനിമ താരങ്ങളുമടക്കം നിരവധി ആളുകളാണ് അനുശോചനം രേഖപ്പെടുത്താനെത്തുന്നത്.

കുറെ വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ സിദ്ദിഖ് താൻ അഭിനയം വേണ്ടന്ന് വയ്ക്കാനുണ്ടായ കാരണത്തെ കുറിച്ചും ഭാര്യ നൽകിയ ഉപദേശത്തെ കുറിച്ചും പറയുകയുണ്ടായി. ആ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. തനിക്ക് ഏറ്റവും റിസ്‌ക് ആയി തോന്നിയിട്ടുള്ള ജോലി അതാണെന്ന് സിദ്ദിഖ് പറയുന്നു. ഭാര്യയും തന്നോട് അഭിനയിക്കരുത് എന്ന് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒരു കലാകാരൻ എന്ന നിലയിൽ അഭിനയിക്കുക എന്നത് മാത്രമായിരുന്നു എനിക്ക് ഏറ്റവും റിസ്ക് ആയി തോന്നിയിട്ടുള്ള ജോലി. സ്റ്റേജ് ഷോകൾ ചെയ്യുന്ന സമയത്ത് എന്തെങ്കിലും പെർഫോമൻസ് വന്നാൽ എങ്ങനെയെങ്കിലും അതങ്ങ് തീർത്താൽ മതിയെന്ന ചിന്തയായിരുന്നു. മറ്റൊരാൾ എഴുതുന്ന സംഭാഷണമൊക്കെ പറയുക എനിക്ക് ബുദ്ധിമുട്ടായിരുന്നു, ഞാൻ ആഗ്രഹിച്ചത് പോലെ എന്റെ ഭാര്യയും എന്നോട് പറഞ്ഞത് അതായിരുന്നു’,

‘സിനിമയിൽ ഒരിക്കലും ഇക്ക അഭിനയിക്കരുതെന്നാണ് അവൾ എന്നോട് പറഞ്ഞത്. എനിക്കും എന്റെ അഭിനയം ഇഷ്ടമല്ലാത്തത് കൊണ്ടും ഭാര്യയുടെ അഭിപ്രായം സ്വീകരിച്ചത് കൊണ്ടും ഞാൻ പിന്നീട് എന്റെ സിനിമകളിൽ ഒന്നും അങ്ങനെയൊരു സാഹസം കാണിച്ചിട്ടേയില്ല. ഞാൻ ഒരു നടനായിരുന്നില്ലേ പിന്നെ എന്തുകൊണ്ടാണ് ഞാൻ സിനിമയിൽ അഭിനയിക്കണ്ടാ എന്ന് പറഞ്ഞത് എന്ന് വെറുതെ ഒരിക്കൽ എന്റെ ഭാര്യയോട് ചോദിച്ചു, വേണ്ട എന്ന് മാത്രമായിരുന്നു മറുപടി’,

‘അതിന്റെ കാരണം എന്താണെന്ന് ഇപ്പോഴും എനിക്ക് അറിയില്ല. ഭാര്യയെ അനുസരിക്കുന്നത് കുടുംബ സമാധാനത്തിന് നല്ലത് ആയത് കൊണ്ട് ഞാൻ അതങ്ങ് അനുസരിച്ചു. പക്ഷേ എന്റെ അഭിനയം എനിക്ക് ഇഷ്ടമായിരുന്നില്ല എന്നതാണ് മറ്റൊരു നഗ്ന സത്യം’, സിദ്ദിഖ് പറഞ്ഞു. അതേസമയം പിൽക്കാലത്ത് ഒരുപിടി സിനിമകളിൽ അതിഥി വേഷത്തിൽ അദ്ദേഹമായി തന്നെ വന്ന് പോയിട്ടുണ്ട്.