മൂത്തവനായാണ് ജനനമെങ്കിലും സാപ്പി എന്നും സിദ്ധിഖ് കുടുംബത്തിന്റെ പൊന്നോമന

മലയാളത്തിന്റെ നടന്‍ സിദ്ദിഖിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. താരകുടുംബത്തെ സങ്കടത്തിലാഴ്ത്തി നടന്റെ മകന്‍ അന്തരിച്ചു എന്ന വാര്‍ത്ത അൽപ്പസമയം മുമ്പാണ് പുറത്ത് വന്നത്. പിന്നാലെ മകനെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിലെ‍ സജീവമായി

പിറന്നത് മൂന്നു മക്കളിൽ മൂത്തയാൾ ആയെങ്കിലും , സാപ്പി എന്ന ഓമനപ്പേരിൽ വിളിക്കപ്പെട്ട റാഷിൻ, സിദ്ധിഖ് കുടുംബത്തിന്റെ പൊന്നോമനയായാണ് വളർന്നത്. വളരെക്കാലം സാപ്പിയെ കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകർക്കോ പൊതുജനങ്ങൾക്കോ പരിചിതമല്ലായിരുന്നു. സോഷ്യൽ മീഡിയ വന്നതോട് കൂടി പുറംലോകം മെല്ലെ സാപ്പിയെ പരിചയപ്പെട്ടു തുടങ്ങി. സാപ്പി കൂടിയുള്ള ആഘോഷ ചിത്രങ്ങൾ വന്നു.

അനുജൻ ഷഹീൻ സിദ്ധിഖിന്റെ പേജിലാണ് സാപ്പിയും കുടുംബവുമായി നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങൾ എത്തിച്ചേർന്നത്. ഇക്കഴിഞ്ഞ വിഷു ആഘോഷങ്ങളുടെ ചിത്രങ്ങളിലാണ് ഏറ്റവും ഒടുവിലായി സാപ്പിയെ കണ്ടത്. തൂശനിലയിൽ നിരന്ന ചോറും പപ്പടവും കറികളും സാപ്പി ആസ്വദിച്ച് കഴിച്ചു. കുടുംബത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്‌തു.

അനുജനും അനുജത്തിക്കും മാത്രമല്ല, ഈ കുടുംബത്തിലേക്ക് മരുമകളായി കടന്നു വന്ന അമൃതാ ദാസും സാപ്പിയെ ചേർത്തുനിർത്തി. സ്വന്തം അനുജനും അനുജത്തിക്കും പുറമേ, സാപ്പിക്ക് ഒരു സഹോദരി കൂടിയായി മാറി അമൃത. ഭിന്നശേഷിക്കാരനായ സഹോദരനെ തങ്ങൾ പൊന്നുപോലെയാണ് നോക്കുന്നത് എന്ന് അനുജൻ ഷഹീൻ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ നവംബർ മാസത്തിൽ സാപ്പിയുടെ ജന്മദിനം ഒരു റെസ്റ്റോറന്റിൽ വച്ചായിരുന്നു കൊണ്ടാടിയത്. സിദ്ധിഖും ഭാര്യയും മക്കളും മരുമകളും ചേർന്നാണ് സാപ്പിക്ക് പിറന്നാൾ കേക്ക് നൽകിയത്