മൂസെവാലയുടെ കൊലയാളികള്‍ സല്‍മാന്‍ ഖാനെയും ലക്ഷ്യമിട്ടു; നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്

പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാല കൊലക്കേസ് പ്രതികള്‍ നടന്‍ സല്‍മാന്‍ ഖാനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നെന്ന് പഞ്ചാബ് പൊലീസ്. പ്രതികള്‍ ദിവസങ്ങളോളം മുംബൈയില്‍ തങ്ങിയിരുന്നെന്നും സല്‍മാന്‍ ഖാന്റെ യാത്രകളും പ്രതികള്‍ നിരീക്ഷിച്ചിരുന്നതായും പൊലീസ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പഞ്ചാബ് പൊലീസിന് ലഭിച്ചത്.

കേസിലെ അവസാന പ്രതിയായ ദീപക് മുണ്ടിയെയും കൂട്ടാളികളായ കപില്‍ പണ്ഡിറ്റിനെയും രജീന്ദറിനെയും പശ്ചിമ ബംഗാള്‍-നേപ്പാള്‍ അതിര്‍ത്തിക്ക് സമീപം നിന്നാണ് ശനിയാഴ്ച നേപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സല്‍മാന്‍ ഖാനെ ആക്രമിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തതില്‍ പ്രതികളിലൊരാളായ കപില്‍ പണ്ഡിറ്റിന് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസില്‍ സല്‍മാന്‍ ഖാനുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ പ്രതികളായ മറ്റുള്ളവരെയും ചോദ്യം ചെയ്യുമെന്ന് ഡിജിപി ഗൗരവ് യാദവ് വ്യക്തമാക്കി. നടന്‍ സല്‍മാന്‍ ഖാനെയും പിതാവ് സലിം ഖാനെയും അഭിസംബോധന ചെയ്തതായി ആരോപിക്കപ്പെടുന്ന ‘നിങ്ങള്‍ മൂസെവാലയെപ്പോലെയാകും’ എന്ന സന്ദേശമുള്ള കത്ത് മുംബൈയിലെ ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡ് പ്രൊമെനേഡില്‍ നിന്ന് കഴിഞ്ഞ ജൂണില്‍ കണ്ടെത്തിയിരുന്നു.

സല്‍മാന്‍ ഖാന്റെ അഭിഭാഷകന്‍ ഹസ്തിമല്‍ സരസ്വത്തിനും കൊലപാതക സംഘത്തില്‍ നിന്ന് ഭീഷണി കത്ത് ലഭിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. മൂസെവാലയുടെ അതേ വിധി നിങ്ങള്‍ക്കും നേരിടേണ്ടിവരും എന്നായിരുന്നു കത്തിലുണ്ടായിരുന്നത്.

പഞ്ചാബ് പൊലീസിന്റെ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് സിദ്ദു മൂസൈവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവേയായിരുന്നു സംഭവം. മൂസൈവാലയുടെ ശരീരത്തില്‍ നിന്ന് 24 വെടിയുണ്ടകള്‍ കണ്ടെടുത്തു. നെഞ്ചിലും വയറിലുമാണ് കൂടുതലായും വെടിയേറ്റത്.