ഒരു ശ്വാസത്തിലൂടെ സച്ചിയെ എനിക്ക് മനസിലാവുമായിരുന്നു, സിജി

മലയാള സിനിമക്ക് പതിമൂന്ന് വർഷത്തിനിടെ മികച്ച സംഭാവനകൾ നൽകി പടിയിറങ്ങിയ പ്രിയ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി പ്രേക്ഷകർക്ക് പ്രീയങ്കരനാണ്. അയ്യപ്പനും കോശിയും എന്ന ഒരൊറ്റ ചിത്രം കൊണ്ട് ജനപ്രീതിയുടെ കൊടുമുടിയിൽ എത്തിയ സച്ചിയുടെ വിയോഗം 2020 ജൂൺ പതിനെട്ടിനായിരുന്നു. സേതുവിനൊപ്പം തിരക്കഥ ഒരുക്കി മലയാള സിനിമയിലേക്ക് കടന്നു വന്ന സച്ചി, തുടർന്ന് മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരിൽ ഒരുവാനായി മാറുകയായിരുന്നു. 2007ലെ ‘ചോക്ലേറ്റ്’ എന്ന ആദ്യ ചിത്രത്തിൻ്റെ വിജയം ‘റോബിൻ ഹുഡ്’, ‘മേക്കപ്പ് മൻ’ എന്നിവയിലും ഉയരങ്ങളിലേക്കെന്നവണ്ണം തുടരുകയായിരുന്നു പിന്നെ. കോമഡി ട്രാക്കിൽ ഒരുക്കിയ ‘സീനിയേഴ്സും’ വലിയ വിജയത്തിലായിരു ന്നെങ്കിലും,സേതു-സച്ചി കൂട്ടുകെട്ടിൽ ഒരുക്കിയ ‘ഡബിൾസ്’ പരാജയപ്പെട്ട പിറകെ ഇരുവരുടേയും എഴുത്ത് കൂട്ടുകെട്ടിനു വിരാമമായി.

സച്ചിയുടെ പ്രിയതമയായ സിജിയും പ്രേക്ഷകർക്ക് പരിചിതയാണ്. സച്ചിയെക്കുറിച്ച് സിജി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ, സച്ചിയെ ഞാൻ ആദ്യം കാണുമ്പോൾ ഒരു റിബൽ സ്വഭാവമുള്ള വ്യക്തിയായിരുന്നു. ഭയങ്കര ഷാർപ്പായിരുന്നു. പെട്ടെന്നങ്ങനെ അടുക്കാനൊന്നും പറ്റുന്ന അവസ്ഥയായിരുന്നില്ല. എന്റെ സുഹൃത്താണ് സച്ചിയെ പരിചയപ്പെടുത്തിയത്. ഹ്യൂമർ വന്നാൽ എത്ര ഗൗരവമുള്ള വ്യക്തികളാണെങ്കിലും ഞാനത് പറയും. സീരിയസായി ഇരിക്കുകയാണെങ്കിലും എന്റെ തമാശ കേട്ട് സച്ചി പൊട്ടിച്ചിരിക്കുമായിരുന്നു. തർക്കങ്ങളിലൂടെയായാണ് ഞങ്ങൾ സുഹൃത്തുക്കളായി മാറിയത്.

സൗഹൃദമായതിന് ശേഷം ഞങ്ങളൊത്തിരി സംസാരിക്കുമായിരുന്നു. വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നു ഞങ്ങൾക്ക്. മനുഷ്യന്റെ പൊതുവായ സ്വഭാവങ്ങളെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സംസാരിക്കുമായിരുന്നു. ഇതില്ലാതെ ജീവിക്കാനാവില്ലെന്ന അവസ്ഥയിലെത്തി പിന്നീട്. അപ്പോഴാണ് പ്രണയമാണെന്ന് തിരിച്ചറിഞ്ഞത്. ഓരോനിമിഷവും ഞങ്ങൾ പ്രണയിക്കുകയായിരുന്നു. തീവ്രമായ പ്രണയമായിരുന്നു. സച്ചിയുടേയും സഹോദരിയുടേയും പോലെയുള്ള സ്വഭാവമാണ് എന്റേത്. പെട്ടെന്ന് അവരെ മനസിലാക്കാൻ എനിക്ക് കഴിഞ്ഞിരുന്നു.

ഒരു ശ്വാസത്തിലൂടെ സച്ചിയെ എനിക്ക് മനസിലാവുമായിരുന്നു. സ്‌നേഹത്തിന്റെ കാര്യത്തിൽ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും തോൽപ്പിക്കാൻ മത്സരിച്ചവരാണ്. അതിൽ നീയേ തോൽക്കൂയെന്ന് പറയാറുണ്ടായിരുന്നു. സച്ചിയുടെ എഴുത്തിലെ പ്രത്യേകതകളെക്കുറിച്ചും സിജി സംസാരിച്ചിരുന്നു. എഴുതാനിരുന്ന് കഴിഞ്ഞാൽ പെട്ടെന്ന് തീർക്കും. ആ സമയങ്ങളിൽ മദ്യപിക്കുകയോ മാംസം കഴിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ല. മൂകാംബികയിൽ റൂമെടുത്ത് എഴുതിത്തീർത്ത് സ്‌ക്രിപറ്റ് പൂജിച്ചാണ് തിരികെ വരുന്നത്

സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായി മാറുന്നത് ‘റൺ ബേബി റൺ’ എന്ന ചിത്രത്തിന് തിരക്കഥ എഴുതികൊണ്ടായിരുന്നു. മോഹൻലാലും അമല പോളും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം പ്രായഭേദമന്യേ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയാണ് ഉണ്ടായത്. ആ വർഷത്തെ ഏറ്റവും വലിയ ഗ്രോസ് കളക്ഷൻ ഹിറ്റായിരുന്നു ചിത്രം എന്നതും എടുത്ത് പറയേണ്ടതാണ്. തുടർന്ന് സച്ചി ഒരുക്കിയ ‘ചേട്ടായീസ്’ പരാജയം നുണഞ്ഞു. പിന്നീട് സച്ചി തിരക്കഥ ഒരുക്കിയ ‘ഷെർലക് ടോംസ്’ പിന്നീട് ടെലിവിഷൻ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടി എങ്കിലും തിയേറ്ററിൽ പരാജയപ്പെടുകയായിരുന്നു. നവാഗതനായ അരുൺ ഗോപിയ്ക്ക് വേണ്ടി എഴുതിയ ‘രാമലീല’ വിജയമാക്കി സച്ചി പിന്നീട് തിരിച്ചു വരുകയായിരുന്നു.

ബിജു മേനോൻ, ഷാജോൺ കര്യാൽ, പി സുകുമാർ, സുരേഷ് കൃഷ്ണ എന്നിവർക്കൊപ്പം ചേർന്ന് തക്കാളി ഫിലിംസ് എന്ന പേരിൽ പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുന്നത് ഇതിനിടെയാണ്. ആദ്യ ചിത്രം ചേട്ടായീസ് പരാജയപ്പെട്ടതോടെ പുതിയ ചിത്രങ്ങൾ കമ്പനി നിർമ്മിച്ചില്ല. സംവിധാനം തന്നെയായിരുന്നു എന്നും ഇപ്പോഴും സച്ചി ലക്ഷ്യമായി മനസോടു ചേർത്തിരുന്നത്.

വർഷങ്ങൾക്ക് മുൻപേ എഴുതി പൂർത്തിയായ തിരക്കഥ സിനിമയാകുന്നത് 2015ൽ ആയിരുന്നു. ‘അനാർക്കലി’ ആയിരുന്നു അത്. പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം മികച്ച വിജയം നേടി. സച്ചിയുടെ രണ്ടാമത്തേതും അവസാനത്തേതുമായ ചിത്രം ‘അയ്യപ്പനും കോശിയും’ സമ്പൂർണ്ണ വിജയവും പ്രേക്ഷക പ്രശംസയും നേടി. ചിത്രത്തിൻ്റെ വിജയാരവങ്ങൾ തീരും മുൻപേ നാൽപ്പത്തി എട്ടാം വയസ്സിൽ സച്ചി വിടപറയുകയായിരുന്നു.