ഏക വ്യക്തി നിയമം, സർക്കാർ തിരക്കിട്ട ചർച്ചയിൽ

ന്യൂഡൽഹി . ഏകവ്യക്തി നിയമം നടപ്പിലാക്കുന്നതിന്റെ നീക്കങ്ങളുമായി കേന്ദ്രസർക്കാർ. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏകവ്യക്തി നിയമവുമായി ബന്ധപ്പെട്ട ചർച്ച സജീവമാക്കുകയാണ് സർക്കാർ. ഇതിനായി നിയമനിർമാണം കൊണ്ട് വരുന്നതുമായ ബന്ധപെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നിയമമന്ത്രി കിരൺ റിജിജുവും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വിവിധ വകുപ്പ് സെക്രട്ടറിമാരും കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

നിയമം കോടതി ഉത്തരവിലൂടെ അല്ലാതെ പാർലമെന്റിൽ ബില്ലായി കൊണ്ടുവന്ന് പാസാക്കാനാണ് ആലോചിക്കുന്നതെന്ന് നേരത്തേതന്നെ സോളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു. ഉത്തരാഖണ്ഡ്, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ ഏകവ്യക്തി നിയമം നടപ്പാക്കുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിന് നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി സമിതികൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

2014, 2019 ലോക്സഭ തിരഞ്ഞെടുപ്പ് വേളകളിൽ ഏകവ്യക്തി നിയമം നടപ്പിലാക്കുമെന്ന് ബിജെപി വാഗാദാനം ചെയ്തിരുന്നു. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ നിയമനിർമാണം ഉണ്ടാകുമെന്ന വിവരങ്ങൾ പുറത്ത് വരുന്നത്. ഏകവ്യക്തിനിയമം നടപ്പായാല്‍ വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്ക്ക് മതാടിസ്ഥാനത്തിലുള്ള നിയമങ്ങള്‍ക്കു പകരം ഒറ്റ നിയമമാകും തുടർന്ന് ഉണ്ടാവുക. പാര്‍ലമെന്റ് നിയമം പാസാക്കിയാല്‍ സംസ്ഥാനങ്ങളിൽ നിയമം നടപ്പാക്കാന്‍ എല്ലാ സർക്കാരുകൾക്കും ഭരണഘടനാപരമായ അവകാശമുണ്ട്.