‘സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണം’ അഡ്മിനിസ്ട്രേറ്റീവ് ട്രിബുണലിന്റെ ഉത്തരവ്

തിരുവനന്തപുരം. കെടിയു വിസിയായി താൽക്കാലികമായി പ്രവർത്തിച്ചു വരുന്ന സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ്. സാങ്കേതിക വിദ്യാഭ്യസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നെങ്കിലും പകരം നിയമനം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ സിസ തോമസ് നല്‍കിയ ഹര്‍ജിയിലാണ് ട്രിബ്യൂണലിന്റെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

കെടിയു മുന്‍ വിസി ഡോ. എം എസ് രാജശ്രീയെയാണ് പുതിയ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആയി സർക്കാർ നിയമിച്ചിരിക്കുന്നത്. സുപ്രീംകോടതി നിയമനം റദ്ദാക്കിയതിനെ തുടര്‍ന്നാണ് രാജശ്രീക്ക് വിസി സ്ഥാനം നഷ്ടമാവുന്നത്.

തുടര്‍ന്നാണ് ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തിരിക്കെ സിസ തോമസിനെ കെടിയു വിസിയായി ഗവര്‍ണര്‍ താല്‍ക്കാലികമായി നിയമിക്കുന്നത്. സ്ഥാന മാറ്റം സിസയുടെ വിസി സ്ഥാനത്തെ ബാധിക്കില്ലെന്നും സിസയ്ക്ക് പുതിയ തസ്തിക പിന്നീട് നല്‍കുമെന്നുമായിരുന്നു സര്‍ക്കാർ നൽകിയിരുന്ന വിശദീകരണം.