എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യരില്‍ ഒരാള്‍, മിഥുന്‍ ജയരാജിനെ കുറിച്ച് സിത്താര

മലയാളികളുടെ പ്രിയ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സോഷ്യല്‍ മീഡിയകളില്‍ സജീവമായ സിത്താര പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്, സംഗീത സംവിധായകനും ഗായകനുമായ മിഥുന്‍ ജയരാജിന് പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്നാണ് സിത്താരയുടെ പോസ്റ്റ്. തനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യരില്‍ ഒരാളാണ് മിഥുനെന്നു സിത്താര കുറിപ്പില്‍ പറയുന്നു. മിഥുന്‍ ജയരാജിനൊപ്പമുള്ള ചിത്രങ്ങളും സിത്താര പങ്കുവച്ചിട്ടുണ്ട്.

സിത്താരയുടെ കുറിപ്പ് ഇങ്ങനെ: ഏത് സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ഒടുക്കം സിത്തുവേ എന്നൊരു വിളി ഇന്നെന്റെ ശീലമായിരിക്കുന്നു! വര്‍ഷങ്ങള്‍ക്കപ്പുറം കലയിലെ മഹാരഥന്മാരുടെ ഒരു കണക്കെടുപ്പ് വരുമ്പോള്‍ ഞങ്ങളുടെ തലമുറയില്‍ നിന്നും ബാക്കിയാവുന്ന പേരുകളില്‍ ഒന്ന് മിഥുന്‍ ജയരാജ് എന്നതായിരിക്കും. എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യരില്‍ ഒരാള്‍ക്ക്, എന്റെ കൂട്ടുകാരനും, കൂടെപ്പിറപ്പും, ഗുരുനാഥനും എല്ലാം ആയ എന്റെ മിത്തുവിന് പിറന്നാള്‍ സ്‌നേഹം.

ചുരുങ്ങിയ സമയത്തിനകം സിത്താരയുടെ കുറിപ്പ്‌ വലിയ ചര്‍ച്ചയായി. നിരവധി പേര്‍ മിഥുന്‍ ജയരാജിന് പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്നു രംഗത്തെത്തി. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് സിത്താരയും മിഥുനും തമ്മില്‍. മിഥുന്റെ സംഗീതത്തില്‍ സിത്താര നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇരുവരുടെയും കുടുംബാംഗങ്ങള്‍ തമ്മിലും വലിയ ആത്മബന്ധമാണുള്ളത്.