ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ്; കേരളം ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി. കുട്ടികളുടെ സ്കൂൾ പ്രവേശനത്തിന് 6 വയസ്സാക്കുന്നത് സംബന്ധിച്ച് വിശദീകരണം തേടിയിട്ടും കേരളം ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സാക്കുന്നത് സംബന്ധിച്ചുള്ള കേന്ദ്ര നിർദ്ദേശം അറിഞ്ഞില്ലെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്.

ഇത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തന്നെ തള്ളുകയായിരുന്നു. ഒന്നാം ക്ലാസ് പ്രവേശനവുമായി ബന്ധപ്പെട്ട് 2021ൽ തന്നെ അതാത് സംസ്ഥാനങ്ങളെ അറിയിച്ചതാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ കേരളം ഉൾപ്പടെയുള്ള എട്ട് സംസ്ഥാനങ്ങൾ വിഷയത്തിൽ മറുപടി നൽകാതിരുന്നത് കൊണ്ടാണ് നിർദ്ദേശങ്ങൾ വീണ്ടും ആവർത്തിച്ചത്.

ഈ വർഷം ഫെബ്രുവരി 9നാണ് കേന്ദ്രം സർക്കുലർ വീണ്ടും പുറത്തിറക്കിയത്. രാജ്യത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസ്സാക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങളിൽ പറയുന്നത്. ഇത് നിർബന്ധമാക്കണമെന്നും സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.