അപവാദ പ്രചാരണം: യു ട്യൂബ് ചാനൽ അടച്ച് പൂട്ടിക്കാൻ 11 കാരി ആരാധ്യാ ഹൈക്കോടതിയിൽ, ഞെട്ടിത്തരിച്ച് ആരാധകർ

യൂട്യൂബ് ചാനൽ തനിക്കെതിരെ അപവാദപ്രചാരണം നടത്തി എന്ന് ആരോപിച്ച് 11 വയസ്സുകാരി ഹൈക്കോടതിയെ സമീപിച്ചു. യൂട്യൂബ് ചാനലിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് താരദമ്പതിമാരായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ 11 വയസ്സുകാരി ആരാധ്യാ ബച്ചന്‍ ആണ്. ആരോഗ്യനിലയെ സംബന്ധിച്ച് വ്യാജ വാര്‍ത്ത നല്‍കിയതിനാണ് ആരാധ്യാ ബച്ചന്‍ നിയമനടപടിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

കുട്ടിയായ തനിക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ചാനൽ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് ആരാധ്യ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുകയാണ്.

സൈബർ ഇടങ്ങളിൽ ആരാധ്യയ്ക്കെതിരേ വ്യാപകമായ ആക്രമണങ്ങളാണ് ചിലര്‍ അഴിച്ചുവിട്ടു വരുന്നത്. അടുത്തിടെ ഇതിനെതിരേ പിതാവ് അഭിഷേക് ബച്ചന്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. തങ്ങളെ അധിക്ഷേപിക്കുന്നത് ഉള്‍ക്കൊള്ളാനാകുമെന്നും എന്നാല്‍, ഒരു കൊച്ചുപെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് പിതാവെന്ന നിലയില്‍ സഹിക്കാനും കണ്ടുനില്‍ക്കാനുമാകില്ലെന്നും അഭിഷേക് ബച്ചന്‍ പ്രതികരിച്ചിരുന്നു.