കൊച്ചിയിൽ മാവിൽ കല്ലെറിഞ്ഞ അന്യസംസ്ഥാന തൊഴിലാളിയുടെ കുട്ടിക്ക് മർദനം, പോലീസ് കേസെടുത്തു

എറണാകുളം: മാവിൽ കല്ലെറിഞ്ഞതിന്റെ പേരിൽ പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ മർദിച്ചതായി പരാതി. കണ്ടംതറ സ്വദേശി റഹീം ആണ് പശ്ചിമബംഗാൾ സ്വദേശിയായ പതിനാലുകാരനെ മർദ്ദിച്ചത്. ഈ മാസം 18-ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. സിഡബ്ലുസിയുടെ നിർദേശത്തെ തുടർന്ന് പെരുമ്പാവൂർ പോലീസ് കേസെടുത്തു.

പതിനാലുകാരനും സുഹൃത്തുക്കളും ചേർന്ന് റഹീമിന്റെ വീട്ടുവളപ്പിലെ മാവിൽ കല്ലെറിഞ്ഞിരുന്നു. ഇതിൽ ഒന്ന് റഹീമിന്റെ തലയിൽ വീണ് പരിക്കേറ്റന്ന് ആരോപിച്ച് റഹീമും സംഘവും കാറിലെത്തി കുട്ടിയെ പിടിച്ചുകൊണ്ട് പോകുകയായിരുന്നു. ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ വെച്ച് കുട്ടിയെ മർദ്ദിച്ചു. കുട്ടിയുടെ മുഖത്തും കഴുത്തിലും വയറ്റിലുമാണ് മർദനമേറ്റത്.

ഓടി രക്ഷപ്പെട്ട കുട്ടി കോളനിക്കുള്ളിലെ പലചരക്ക് കടയിൽ അഭയം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.പരിക്കേറ്റ കുട്ടിയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. നാല് മാസം മുമ്പാണ് കുട്ടി അമ്മയോടൊപ്പം പെരുമ്പാവൂരിലെത്തിയത്.