മീന്‍ക്കുളത്തില്‍ വിഷം കലര്‍ത്തി; പ്രവാസി മലയാളിയോട് സാമൂഹ്യവിരുദ്ധരുടെ ക്രൂരത

മീന്‍കൃഷി തുടങ്ങിയ യുവാവിന്റെ കൃഷിയിടത്തില്‍ വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് മീനുകള്‍ ചത്തുപൊങ്ങിയതായി പരാതി. കോവിഡ് പ്രതിസന്ധിയില്‍ വിദേശത്തെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നാട്ടിലെത്തി ജീവനോപാദിയായി മീന്‍ കൃഷി തുടങ്ങിയ യുവാവിനാണ് താങ്ങാനാവാത്ത നഷ്ടമുണ്ടായിരിക്കുന്നത്.

പനച്ചവിള കുമാരഞ്ചിറ വീട്ടില്‍ ആലേഷിന്റെ വീട്ടിന് മുന്നിലെ മീന്‍ക്കുളത്തിലാണ് സാമൂഹ്യവിരുദ്ധര്‍ വിഷം കലക്കിയതെന്ന് പരാതിയില്‍ പറയുന്നു. വിളവെടുക്കാന്‍ പാകമായ മീനുകളാണ് ചത്തത്. ബാങ്ക് വായ്പയെടുത്തും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയുമാണ് കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ആലേഷ് അമ്മയുടെ സഹായത്തോടെ മത്സ്യകൃഷി തുടങ്ങിയത്.

ഇതിനായി വീടിന് മുന്നില്‍ കുളം തയ്യാറാക്കി. സുഭിക്ഷ കേരളം പദ്ധതിയുടെയും പഞ്ചായത്തിന്റെയും സഹായത്തോടെ മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കുടുംബശ്രീയില്‍ നിന്നാണ് അമ്മ ഒരു ലക്ഷം വായ്പയെടുത്ത് നല്‍കിയത്. ഏകദേശം മൂന്ന് ലക്ഷം രൂപയാണ് ചെലവായതെന്ന് യുവാവ് സങ്കടപ്പെടുന്നു.

മീന്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് കടം വീട്ടാമെന്ന് കരുതിയിരിക്കെയാണ് സംഭവം. നാട്ടില്‍ പ്രകടമായ ശത്രുക്കളൊന്നുമില്ലെന്ന് അമ്മ മല്ലികയും ആലേഷും പറയുന്നു. സംഭവത്തിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കി.