പണം നിക്ഷേപിച്ചവരെ പറ്റിച്ച് സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റി; പ്രതിഷേധവുമായി ജനങ്ങൾ

കസർകോഡ്. നിക്ഷേപകരെ പറ്റിച്ച് സിപിഎം നേതൃത്വത്തിലുള്ള സഹകരണ സംഘം. ഫർണിച്ചർ പദ്ധതിയിൽ പണം നിക്ഷേപിച്ചവരെയാണ് സിപിഎം നേതാക്കൾ പറ്റിച്ചത്. ഫർണിച്ചറിനായി എത്തിയപ്പോൾ അടച്ച തുകയുമില്ല, ഫർണിച്ചറോ ഗൃഹോപകരണങ്ങളോ കിട്ടാനുമില്ല. നിക്ഷേപകർ സഹകരണസ്ഥാപനത്തിലെത്തി പ്രതിക്ഷേധിച്ചു.

സിപിഎം നിയന്ത്രണത്തിലുള്ള മാലക്കല്ല് മലനാട് റബ്ബർ ആൻഡ് അദർ അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സഹകരണ സംഘമാണ് (മാലക്കല്ല് മലനാട് മാർക്കറ്റിങ് സൊസൈറ്റി) നിക്ഷേപകർക്ക് പണം തിരിച്ച് നൽകാനുള്ളത്. മാസം 1000 രൂപ 20 തവണകളായി അടക്കേണ്ട തരത്തിലായിരുന്നു പദ്ധതി. തുക അടച്ചവർക്ക് സൊസൈറ്റിക്ക് കീഴിലുള്ള സ്ഥാപനത്തിൽനിന്നു വീട്ടുപകരണങ്ങളോ ഫർണിച്ചറുകളോ വാങ്ങാമെന്നായിരുന്നു അറിയിച്ചിരുന്നത്.

ഇത് പ്രകാരം 543 പേരെയാണ് ചേർത്തത്. എന്നാൽ, ഇതിന്റെ അടവ് കാലാവധി അവസാനിച്ചിട്ട് മാസങ്ങളായിട്ടും അടച്ച തുകയോ വീട്ടുപകരണങ്ങളോ, ഫർണിച്ചറോ ലഭിച്ചില്ല. സ്‌കീമിൽ ചേർന്ന 284 പേർക്കായി 35 ലക്ഷം രൂപ നൽകാനുണ്ട്. സാധനം ലഭിക്കാതായതോടെ പണമടച്ചവർ ഒരുമാസം മുൻപ് മാലക്കല്ലിലെ ഓഫീസിലെത്തി ബഹളംവെക്കുകയും കള്ളാറിൽ പണം പിരിക്കാനെത്തിയ ജീവനക്കാരനെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.

ഡിസംബർ 31-നകം എല്ലാവർക്കും പണം നൽകുമെന്ന് സിപിഎം ഏരിയാ നേതൃത്വവും സൊസൈറ്റി അധികൃതരും ഉറപ്പുനൽകി. എന്നാൽ, ആർക്കും പണം നൽകാനായില്ല. വീണ്ടും നിക്ഷേപകർ പ്രതിഷേധവുമായെത്തിയതോടെ ജനുവരി 10-നും മാർച്ച് 31-നുമായി പണം തിരിച്ചുലഭിക്കും വിധം 63 പേർക്ക് ചെക്ക് നൽകി.

എന്നാൽ നൽകിയ ചെക്കുകൾ മടങ്ങി. അതോടെയാണ് 30-ഓളം നിക്ഷേപകർ പ്രതിഷേധവുമായി ചൊവ്വാഴ്ച രാവിലെ സൊസൈറ്റി ഓഫീസിലെത്തിയത്. പണം തിരികെ ആവശ്യപ്പെട്ട് ബഹളമായതോടെ രാജപുരം പോലീസ് സ്ഥലത്തെത്തി നിക്ഷേപകരെ സമാധാനിപ്പിച്ച് അയക്കുകയായിരുന്നു. അടുത്ത ദിവസം ഇൻസ്‌പെക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന പോലീസിന്റെ ഉറപ്പിലാണ് നിക്ഷേപകർ പിരിഞ്ഞുപോയത്.