സൈനികനെ മർദിച്ച കേസ്, കിളികൊല്ലൂര്‍ സ്റ്റേഷനിലെ പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം : സൈനികനെയും സഹോദരനെയും മർദിച്ച സംഭവത്തില്‍ സസ്പെൻഷനിലായിരുന്ന കിളികൊല്ലൂര്‍ സ്റ്റേഷനിലെ പോലീസുകളെ സര്‍വീസില്‍ തിരിച്ചെടത്തു. സിഐ കെ വിനോദ്‌, എസ്‌ഐ എ പി അനീഷ്‌, എഎസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരുടെ സസ്പെൻഷനാണു പിൻവലിച്ചത്. ദക്ഷിണമേഖല ഐജി ജി സ്പർജൻ കുമാറാണ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് ഉത്തരവിറക്കിയത്. കേസിൽ ഏഴ് മാസം മുൻപാണ് ഇവരെ സസ്പെൻഡ് ചെയ്തത്.

ആഗസ്റ്റ് മാസം 25 ന് പിടികൂടിയ എംഡിഎംഎ കേസ് പ്രതികളെ കാണണം എന്നാവശ്യപ്പെട്ട് കരിക്കോട് സ്വദേശികളായ വിഷ്ണു, വിഘ്നേഷ് എന്നിവർ ഉദ്യോഗസ്ഥരെ അക്രമിച്ചുവെന്നാണ് പൊലീസ് പറഞ്ഞ കഥ. എന്നാൽ യഥാർത്ഥത്തിൽ പ്രതികളെ ജാമ്യത്തിലിറക്കാൻ ആവശ്യപ്പെട്ട് സ്റ്റേഷനിലുണ്ടായിരുന്ന സിപിഒ മണികണ്ഠൻ വിഘ്നേഷിനെ വിളിച്ചു വരുത്തുകയായിരുന്നു.

ലഹരിക്കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നു എന്ന തരത്തിൽ വാർത്ത പുറത്ത് വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു. പിന്നാലെ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇതോടെ കഥ മാറി. പോലീസിന്റെ കള്ളക്കളി ഇതോടെ പുറത്താകുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.