മകന്റെ കുത്തേറ്റ് കുടല്‍ പുറത്തുവന്നു; ഗുരുതരാവസ്ഥയിലായിരുന്ന സ്ത്രീ മരിച്ചു

കൊച്ചി:  മകന്റെ കുത്തേറ്റു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി മേരി (52 ) ആണ് മരിച്ചത്. ഓഗസ്റ്റ് 1ന് പുലർച്ചെ വീട്ടിൽ നടന്ന വാക്കുതർക്കത്തെ തുടർന്നാണ് മേരിയെ മകൻ കിരൺ കത്തി ഉപയോഗിച്ചു കുത്തിയത്. ആഴത്തിലുള്ള കുത്തിൽ കുടൽമാല പുറത്തുവന്നിരുന്നു.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വയറിന്റെ ശസ്ത്രക്രിയ നടത്തി. പിന്നീട് മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. മകൻ കിരൺ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്. വീട്ടില്‍ പലപ്പോഴും വഴക്ക് പതിവായിരുന്നു. മേരിയെ കുത്തിയ കാര്യം കിരണ്‍ ബന്ധു വീടുകളിലും അയല്‍ വീടുകളിലും അറിയിച്ചുവെങ്കിലും ആരും സഹായത്തിനെത്തിയിരുന്നില്ല. പിന്നീട് കിരണ്‍ തന്നെയാണ് മേരിയെ ആശുപത്രിയിലെത്തിച്ചത്.