മകൻ ആയതുകൊണ്ട് പറയുകയല്ല, അവൻ എന്റെ കണ്ണു നനയിച്ചു, സൗബിന്റെ പിതാവ്

സൗബിൻ ഷാഹിറിന്റെ ഏറ്റവും പുതിയ സിനിമയാണ് മ്യാവു. ലാൽ ജോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഫെയ്സ്ബുക്കിൽ സിനിമയെപ്പറ്റി കുറിച്ചതും അതിനു താഴെ സൗബിന്റെ പിതാവും ചലച്ചിത്ര പ്രവർത്തകനുമായ ബാബു ഷാഹിർ പങ്കുവച്ച കമന്റുമാണ് ശ്രദ്ധേയമാകുന്നത്.

‘ഞാനും ഈ സിനിമ കണ്ടു. മകൻ ആയതു കൊണ്ട് പറയുകയല്ല അവൻ എന്റെ കണ്ണു നനയിച്ചു…അതിനു അവസരം കൊടുത്ത ലാലുവിനും ഇക്ബാൽ കുറ്റിപുറത്തിനും നന്ദി. ഒരുപാട്..ഒരുപാട്…’.– ബാബു ഷാഹിർ കുറിച്ചു.‌

ഔസേപ്പച്ചന്റെ കുറിപ്പിങ്ങനെ, ‘മ്യാവൂ’വലിയ കൊട്ടും ആഘോഷങ്ങളൊന്നുമില്ലാതെ തീയറ്ററിൽ എത്തിയ മ്യാവൂ ഇന്നലെ എന്റെ കുടുംബത്തോടൊപ്പം തന്നെ കാണാൻ ഇടയായി. നൂറു ശതമാനം ഒരു നല്ല കുടുംബ സിനിമ. എല്ലാവർക്കും ഇഷ്ടപ്പെട്ടു. പ്രവാസികളായ ഒരു ഭർത്താവിന്റെയും, ചെറിയ പിണക്കത്തിൽ അകന്നും അടുത്തും നിൽക്കുന്ന ഒരു ഭാര്യയുടെയും നിർമ്മലവും നിഷ്ക്കളങ്കവുമായ സ്നേഹം, അവർക്കിടയിൽ ജീവിക്കുന്ന കുട്ടികൾ.മരുഭൂമിയിലെ ജീവിതങ്ങളെ പച്ചയായി ഒരു കൃത്രിമത്വവും ഇല്ലാതെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. സൗബിൻ ഷാഹിർ അത്ഭുത പെടുത്തുന്ന അഭിനയം കാഴ്ചവച്ചിട്ടുണ്ട്.നല്ല അഭിനേതാക്കൾ, നല്ല സംഗീതം, നല്ല ഛായാഗ്രഹണം. ലാൽ ജോസ് എന്ന സംവിധായകനിൽ നിന്നും പ്രതീക്ഷിച്ചത് പോലെ തന്നെ എല്ലാ മുഹൂർത്തങ്ങളും മനോഹരമാക്കി. എല്ലാവരും തീയറ്ററിൽ തന്നെ പോയി കാണേണ്ട സിനിമയാണ് തോമസ് തിരുവല്ലക്കും എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ. സിനിമ വൻ വിജയമാകട്ടെ