പ്രളയ ദുരിതത്തില്‍ വലയുന്ന ജനങ്ങള്‍ക്ക് ധനസഹായത്തിന് പണമില്ല; മുഖ്യമന്ത്രി സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസര്‍ക്ക് നല്‍കുന്നത് 1 ലക്ഷം രൂപയിലേറെ ശമ്പളം

മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസര്‍ക്ക് ഒരു ലക്ഷം രൂപയിലേറെ ശമ്പളം. ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനായി നിയമിച്ചതായിരുന്നു സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറെ. സര്‍ക്കാര്‍ അഭിഭാഷകരും, പ്ലീഡര്‍മാരും, സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരുമായി 140 പേരും ഹൈക്കോടതിയിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ മറ്റൊരു നിയമോപദേശകനുമുണ്ട്. ഇതിനൊക്കെ പുറമെയാണ് പുതിയ ലെയ്‌സണ്‍ ഓഫീസര്‍.

അടുത്തിടെയാണ് മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറായി എ വേലപ്പന്‍നായരെ നിയമിച്ചത്. സുശീല ഗോപാലന്‍ വ്യവസായ മന്ത്രിയായിരിക്കെ എ വേലപ്പന്‍നായര്‍ പേഴ്‌സണ്‍ സ്റ്റാഫിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ശമ്ബളവും ആനുകൂല്യവും നിശ്ചയിച്ച് ഉത്തരിവിറങ്ങിയത്. പ്രതിമാസം കിട്ടുന്നത് 1,10,000രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസര്‍ക്കായി ചെലവഴിക്കുക. സീനയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് തുല്യമാണ് തസ്തിക.

സുശീല ഗോപാലന്‍ വ്യവസായ മന്ത്രിയായിരിക്കെ പേഴ്സണ്‍ സ്റ്റാഫിലുണ്ടായിരുന്ന വ്യക്തിയാണ് എ. വേലപ്പന്‍ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ ദല്‍ഹിയില്‍ എ. സമ്ബത്തിനെയും, കെ. രാജനെ ചീഫ് വിപ്പായും നിയമിച്ചത് ഏറെ വിവാദമായിരുന്നു. കൂടാതെ സംസ്ഥാനം പ്രളയം പോലെ മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കുമ്‌ബോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍വ്യയം പുറത്തുവന്നിരിക്കുന്നത്.

മഴക്കെടുതിയില്‍ സംസ്ഥാനം വലയുമ്‌ബോള്‍, കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ നഷ്ടപരിഹാരം പകുതിപ്പേര്‍ക്ക് പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കൊടുത്തു തീര്‍ത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വ്യക്തമായ കണക്കുകള്‍ പോലും പുറത്തുവിടാന്‍ മുഖ്യമന്ത്രിയും മറ്റ് ഔദ്യോഗിക വൃത്തങ്ങളും ഇതുവരെ തയ്യാറായിട്ടില്ല. അതിനിടയിലാണ് വീണ്ടും സംസ്ഥാനത്തിന് അധിക ബാധ്യത വരുത്തിവെയ്ക്കുന്ന അനാവശ്യ നിയമനങ്ങള്‍ നിയമിക്കുന്നത്.