ഓണ അവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആശ്വാസം, സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു

എറണാകുളം: അവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് സഹായകമായ വാർത്തയുമായി റെയിൽവേ. ഒരു സ്‌പെഷ്യൽ ട്രെയിൻ കൂടി അനുവദിച്ചു. എറണാകുളം-ചെന്നൈ റൂട്ടിലാണ് ഒരു സ്‌പെഷ്യൽ ട്രെയിൻ കൂടി അനുവദിച്ചിരിക്കുന്നത്. മുഖ്യമായും ലക്ഷ്യമിടുന്നത് ഓണാഘോഷത്തിന് ശേഷം മടങ്ങുന്നവരെയാണ്. സെപ്റ്റംബർ മൂന്നിന് പുറപ്പെടുന്ന ട്രെയിനിലേക്കുള്ള റിസർവേഷൻ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

ആലുവ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിലായി ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. അതേസമയം ഓണക്കാലത്ത് യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി കേരളത്തിന് രണ്ട് പുതിയ ട്രെയിൻ സർവീസുകൾ കൂടി മുമ്പ് റെയിൽവേ മന്ത്രാലയം അനുവദിച്ചിരുന്നു. എറണാകുളം-വേളാങ്കണ്ണി എക്‌സ്പ്രസ്, കൊല്ലം തിരുപ്പതി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് പുതിയതായി അനുവദിച്ചിട്ടുള്ളത്. ഇതിന് പുറമേ പ്രധാന റൂട്ടുകളിലുള്ള ട്രെയിനുകൾക്കും കൂടുതൽ സ്റ്റോപ്പുകളും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.

ആഴ്ചയിൽ ഒരു ദിവസം സ്‌പെഷ്യൽ ട്രെയിനായി ഓടിയിരുന്ന എറണാകുളം-വേളാങ്കണ്ണി എക്‌സ്പ്രസ് സ്ഥിര സർവീസ് ആക്കി എത്തിക്കാനാണ് റെയിൽവേയുടെ നീക്കം. ഇത് രണ്ട് ദിവസമാക്കി മാറ്റുമെന്ന് റെയിൽ വേ അറിയിച്ചിരുന്നു. പുതിയതായി അനുവദിച്ച കൊല്ലം-തിരുപ്പതി എക്‌സ്പ്രസും ആഴ്ചയിൽ രണ്ട് ദിവസം സർവീസ് നടത്തും.