ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ് വാദം കീഴ്‌ക്കോടതി തന്നെ കേൾക്കണമെന്ന് ജില്ലാ കോടതി

മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തിന് മുകളിലാണ് നിർമിച്ചിരിക്കുന്നത്. അതിന്റെ ഉടമസ്ഥാവകാശം ഹിന്ദുക്കൾക്കാണ്. അതിനാൽ പള്ളി പൊളിച്ചുമാറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ് നൽകിയ ഹർജിയാണ് 2020 സെപ്തംബർ 30 ന് സിവിൽ കോടതി തള്ളിയത്.

കൃഷ്ണ ജന്മഭൂമിയുടെ മുകളിലുള്ള പള്ളി പൊളിച്ചുമാറ്റണമെന്ന ആവശ്യമുന്നയിച്ചെത്തിയ ഹർജിയിലെ വാദം കീഴ്‌ക്കോടതി തന്നെ കേൾക്കണമെന്ന് നിർദേശിച്ച് മഥുര ജില്ലാ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം 26 ന് വാദം കേൾക്കണമെന്നാണ് നിർദേശം.

1991ലെ ആരാധനാലയ നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്. കേസ് പരിഗണിക്കുകയാണെങ്കിൽ സമാന ആവശ്യമുന്നയിച്ച് നിരവധി പേർ കോടതിയെ സമീപിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

17ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ഔറംഗസേബ് നിർമിച്ചതായി കരുതപ്പെടുന്ന ഷാഹി ഈദ്ഗാ മസ്ജിദ് ഉൾപ്പെടുന്ന 13.37 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിലാണ് തർക്കം നിലനിൽക്കുന്നത്. ഈ പ്രദേശത്താണ് ശ്രീകൃഷ്ണൻ ജനിച്ചതെന്നും അതിനാൽ ഇവിടെ ആരാധന നടത്താൻ തങ്ങൾക്ക് അനുവാദമുണ്ടെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.