ഐപിഎല്‍ മെഗാലേലം: ശ്രീശാന്തിനെ വാങ്ങാന്‍ ആളില്ല, പേര് പോലും വിളിച്ചില്ല

ഐ.പി.എല്‍ മെഗാ ലേലത്തിലേക്ക് മലയാളി താരം ശ്രീശാന്തിനെ ടീമുകള്‍ പരിഗണിച്ചില്ല. താരങ്ങള്‍ കൂടുതലുണ്ടായതിനാല്‍ ടീമുകളോട് പരിഗണിക്കേണ്ട താരങ്ങളുടെ പട്ടിക തരാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശ്രീശാന്തിനെ ചുരുക്കപ്പട്ടികയില്‍ ഒരു ടീമും ഉള്‍പ്പെടുത്തിയില്ല. ഇതോടെയാണ് ശ്രീശാന്തിന് അവസരം നഷ്ടമായത്. അതേസമയം രണ്ട് ദിവസമായി നടന്ന മെഗാ താരലേലം പൂര്‍ത്തിയായി.

ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ഏറെ നാള്‍ പുറത്തിരുന്ന ശ്രീശാന്ത് അവസാന വര്‍ഷമാണ് കേരളത്തിനായി കളിച്ച്‌ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഐപിഎല്‍ മെഗാലേലത്തിലൂടെ ഏതെങ്കിലും ടീമിലേക്ക് തിരികെ എത്താമെന്നായിരുന്നു ശ്രീശാന്തിന്റെ കണക്കുകൂട്ടല്‍. പല അഭിമുഖങ്ങളിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം ഈ മാസം ആരംഭിക്കുന്ന രഞ്ജി ട്രോഫി കേരള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2013ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കളിക്കവെയാണ് ശ്രീശാന്ത് ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെടുന്നത്. തുടര്‍ന്നാണ് വിലക്ക് നേരിട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീശാന്തിന്റെ അജീവനാന്ത വിലക്ക് ബിസിസിഐ ഒഴിവാക്കിയത്. അതേസമയം ഐപിഎല്‍ 2022ലേക്ക് മറ്റൊരു മലയാളി സാന്നിധ്യമായി കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സമാന്‍ വിഷ്ണു വിനോദ് ഇടം നേടി. ആദ്യ അവസരത്തില്‍ തഴഞ്ഞ താരത്തെ 50 ലക്ഷം രൂപ ചിലവാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. ഇതോടെ ലേലത്തിലൂടെ ഐപിഎല്‍ 2022ന്റെ ഭാഗമാകുന്ന നാലാമത്തെ കേരള താരമാണ് വിഷ്ണു.

മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും കേരളത്തിനായി മിന്നിത്തിളങ്ങിയ വിഷ്ണുവിനെ വാശിയേറിയ ലേലത്തിന് ഒടുവിലാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ ഇന്നലെ നടന്ന ആദ്യ ലേലത്തില്‍ ആരും വിളിച്ചിരുന്നില്ല. ഇന്ന് ടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ പട്ടികയില്‍(ആക്സിലറേറ്റഡ് ലിസ്റ്റ്) ഇടം നേടിയ വിഷ്ണുവിന്‍റെ പേര് ലേലത്തിന് ഒടുവിലാണ് വീണ്ടുമെത്തിയത്.